ടോള്‍ ബൂത്ത് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചശേഷം ഉയരപ്പാതയില്‍ നിന്നും താഴേക്ക് എറിയാന്‍ ശ്രമം. കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയിലാണു നടുക്കുന്ന സംഭവം. മറ്റൊരാള്‍ തക്കസമയത്തെത്തി അക്രമിയെ പിന്തിരിപ്പിച്ചതിനാല്‍ അപകടം ഒഴിവായി. പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ല.അക്രമത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു.
പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഏഴേമുക്കാലിനാണു സംഭവം. രാമനാട്ടുകരയില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ഭാഗത്തെ ടോള്‍ ബൂത്തില്‍ ഡി.എല്‍. 11 സി.ബി. നാല്‍പത്തിയൊന്നേ നാല്‍പത്തിയൊന്ന് എന്ന നമ്പറിലുള്ള കാറിലെത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്. ടോള്‍ നല്‍നല്‍കാതെ എമര്‍ജന്‍സി ട്രാക്കില്‍ കൂടി കടന്നുപോകാന്‍ ശ്രമിച്ചതു ജീവനക്കാരന്‍ തടഞ്ഞു. വാഹനം പിറകോട്ടെടുപ്പിച്ചു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാനായി ജീവനക്കാരന്‍ ടോള്‍ ബൂത്തിനു വശത്തേക്കുമാറി. ഇവിടെയെത്തി ഇയാളെ കാലില്‍ പിടിച്ചു ഉയരപാതയില്‍ നിന്നു താഴെക്കെ വലിച്ചെറിയാനും ശ്രമിച്ചു.
ഡല്‍ഹി സ്വദേശിയായ ജീവനക്കാരനു ശരീരമാസകലം മര്‍ദ്ദനമേറ്റു.തൊട്ടടുത്ത ദിവസം തന്നെ ടോള്‍ പിരിവെടുത്ത കമ്പനി സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. എന്നാല്‍ ഒരാഴ്ച ആയിട്ടുപോലും കേസെടുത്തിട്ടില്ല. ഡല്‍ഹി റജിസ്ട്രേഷന്‍ വാഹനം നാദാപുരം സ്വദേശിയുടെ പേരിലാണുള്ളത്. ഉടമയെ തിരിച്ചറിഞ്ഞതിനുശേഷം കേസെടുക്കാമെന്നാണു പന്തീരാങ്കാവ് പൊലീസിന്റെ ന്യായം.