വയനാട് മാനന്തവാടി പേരിയ ആലാറ്റിൽ 19-കാരിയായ അലീനയുടെ മരണത്തിൽ ദുരൂഹതയേറുന്നു. അലീനയെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവുകളും രക്തക്കറകളും കണ്ടെത്തിയതോടെയാണ് മരണത്തില്‍ സംശയം ബലപ്പെട്ടത്.
പെൺകുട്ടിയുടെ ശരീരത്തിൽ 'ദൈവസാന്നിധ്യം' കയറിയതാണെന്ന് കുടുംബം വിശ്വസിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ പെൺകുട്ടി അലറിക്കരഞ്ഞുകൊണ്ട് യൂക്കാലി, തേയിലത്തോട്ടങ്ങളിലൂടെ ഓടിയതായി അയൽവാസികൾ മൊഴി നൽകി.
‘രാത്രി പത്തുമണിക്ക് ശേഷമാണ് അലീന ഓടിവന്ന് ഞങ്ങളുടെ വാതിലിൽ ശക്തമായി മുട്ടിയത്. ഞങ്ങൾക്ക് ഭയമായി പുറത്തിറങ്ങി നോക്കിയപ്പോൾ അച്ഛനും ബന്ധുക്കളും അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു. അടുത്തുള്ള യൂക്കാലി തോട്ടത്തിലേക്കാണ് അവള്‍ ഓടിയത്. അതിന്റെ ഉള്ളില്‍ ഭയങ്കര ഇരുട്ടാണ്. അവിടുന്ന് അലറി വിളിച്ച് കരയുന്നത് കേട്ടു. ഞങ്ങള്‍ അടുത്തേക്ക് വിളിച്ചപ്പോള്‍ വസ്ത്രങ്ങളൊന്നുമില്ലാതെ പേടിച്ചരണ്ട നിലയിലാണ് അവള്‍ കയറിവന്നത്.
'നിങ്ങൾ എന്നെ കൊല്ലും, ശവങ്ങളുടെ ഇടയിൽ കൊണ്ടുപോയി ഇടും' എന്ന് അലീന പറഞ്ഞതായി ബന്ധുക്കൾ തന്നെ ഞങ്ങളോട് പറഞ്ഞു. ആർത്തവ സമയത്ത് അമ്പലത്തിൽ പോയതുകൊണ്ട് മാനസികവിഭ്രാന്തിയാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാൻ ഓടിയതാണോ എന്ന് സംശയമുണ്ട്,' നാട്ടുകാര്‍ പറഞ്ഞു.