വയനാട് മാനന്തവാടിയിൽ പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. പേരിയ ആലാറ്റിൽ സ്വദേശിനി അലീനയുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. യുവതിയുടെ ശരീരത്തിൽ മുറിവുകളും രക്തക്കറകളും കണ്ടെത്തിയിരുന്നു.

പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ 19 വയസ്സുകാരി അലീനയെ, ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്ങൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് അലീന ഈ വീട്ടിലെത്തിയത്. മരണത്തിന് മുൻപ് കുട്ടി മണിക്കൂറുകളോളം നിലവിളിച്ച് പ്രദേശം മുഴുവൻ ഓടിയെന്ന് നാട്ടുകാർ പറയുന്നു. ശരീരത്തിൽ പലയിടങ്ങളിലും ചോരപ്പാടുകളും മുറിവുകളും ഉണ്ടായിരുന്നു. ശരീരത്തിൽ 'ദൈവസാന്നിധ്യം' കയറിയതാണെന്ന് കുടുംബം വിശ്വസിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.

അലീന കുറച്ചു ദിവസങ്ങളായി കടുത്ത മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നതായും അക്രമാസക്തയാവുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്തതിനാലാണ് മുറിയിൽ പൂട്ടിയിട്ട് കൈകാലുകൾ കെട്ടിയിട്ടതെന്നും കുടുംബം പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തിൽ പൂർണ്ണ വ്യക്തത ലഭിക്കൂവെന്നും, എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ENGLISH SUMMARY:

Nineteen-year-old Alina was found dead under mysterious circumstances at her relative's house in Mananthavady, Wayanad, sparking widespread concern among locals. Her body bore multiple injuries and bloodstains, prompting residents to demand a thorough police investigation into the incident. According to the family's statement to the police, she had been exhibiting severe mental distress and self-harm tendencies prior to her death, leading them to tie her hands and feet. Authorities have deployed a dog squad and launched a comprehensive probe, awaiting the post-mortem report to determine the exact cause of death.