തിരുവനന്തപുരം വിളവൂർക്കൽ പൊറ്റിയിൽ ഗ്രാമം ഞെട്ടലിലാണ്. എല്ലാവരോടും നന്നായി പെരുമാറുന്ന വളരെക്കാലമായി അറിയാവുന്ന കുടുംബം. നാലുവർഷം മുമ്പ് അഭിജിത്തിൻ്റെയും ക്രിസ്റ്റിയുടെയും വിവാഹം ആഘോഷമാക്കി നടത്തിയവർ. ഒരുമാസത്തിനു മുൻപ് പിഞ്ചോമന ഇവാനയെ പുത്തൻ ഉടുപ്പണിയിച്ച് പിറന്നാൾ ഉത്സവമാക്കിയ മാതാപിതാക്കൾ. അന്ന് കേക്ക് മുറിക്കാൻ കുഞ്ഞിന്റെ കൈപിടിച്ച അമ്മ തന്നെ എങ്ങനെ കുഞ്ഞിന്റെ കഴുത്തു മുറിച്ചെന്ന് ആലോചിക്കുമ്പോൾ നാട്ടുകാർക്ക് ഞെട്ടലാണ്.
എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുമ്പോൾ കുഞ്ഞ് ഇവാന ചിരിച്ചും കളിച്ചും ഇടവഴിയിലൂടെ നടന്നുപോകുന്ന ഓർമ്മയാണ് നാട്ടുകാർക്ക്. ഇന്ന് ആ കുഞ്ഞു വഴി നിറയെ നാട്ടുകാരാണ്. കണ്ണ് നനയാതെ ഒരാൾക്ക് പോലും കണ്ടുനിൽക്കാൻ ആകില്ല.
ഉച്ചഭക്ഷണത്തിന് ശേഷം പതിവായുള്ള മയക്കത്തിന് പോയതാണ് ക്രിസ്റ്റി. ഇവാനയെ ചേർത്തുപിടിച്ച ഉറക്കാൻ കൊണ്ടുപോകുന്നതുവരെ വീട്ടുകാർ കണ്ടു. അഭിജിത്തും മറ്റു ബന്ധുക്കളും പിന്നീട് പുറത്തേക്ക് പോയി. അഭിജിത്തിൻറെ അമ്മൂമ്മയുടെ സഹോദരി ജസീന്ത എത്തി നോക്കിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പുറത്തുനിന്ന് തട്ടി വിളിച്ച് ഏറെനേരം കഴിഞ്ഞാണ് ക്രിസ്റ്റി എത്തിയത്. ചലനമില്ലാതെ കിടക്കുന്ന ഇവാനയ്ക്ക് എന്തുപറ്റിയെന്ന് ജസീന്ത എന്ന് ചോദിച്ചപ്പോൾ താൻ അവളെ കൊലപ്പെടുത്തി എന്നായിരുന്നു ക്രിസ്റ്റിയുടെ മറുപടി. ജസീന്ത ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് കഴുത്തിൽ നിന്ന് രക്തം വാർന്നു പോകുന്നത് കണ്ടത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.