കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ചെന്ന പരാതിയില്‍ കേസ്. ആന്തൂര്‍ സ്വദേശി സൗരവ്, അച്ഛന്‍ പ്രദീപന്‍, അമ്മ സജിത എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെയും പ്രതിശ്രുത വരനെയും ആക്രമിക്കുകയും തന്‍റെ വസ്ത്രം ഉള്‍പ്പെടെ വലിച്ച് കീറുകയും ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി.

മുന്‍ ആണ്‍സുഹൃത്തായിരുന്ന സൗരവുമായി യുവതിയുടെ വിവാഹം നിശ്ചയിക്കകുയും പിന്നീട് സൗരവിനെതിരെ മറ്റ് ചില ക്രിമിനൽ കേസുകൾ ഉണ്ടെന്നറിഞ്ഞതോടെ യുവതി വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ സൗരവ് അപവാദപ്രചാരണങ്ങൾ നടത്തിയതിനെ തുടർന്ന് യുവതി വനിതാ സെല്ലിൽ പരാതി നൽകി. പരാതി നല്‍കിയതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം.

ഈ പരാതി സംബന്ധിച്ച് സംസാരിച്ച് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് 23-കാരിയെയും പ്രതിശ്രുത വരനെയും ആൺസുഹൃത്തും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ധർമ്മശാലയിലെത്തിയ ഇരുവരുടെയും വാഹനം തടഞ്ഞുനിർത്തിയ ശേഷം പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പ്രതിശ്രുത വരന്റെ നെഞ്ചത്ത് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ ചെന്ന യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് കാറിലേക്ക് ഇടിക്കുകയും, കൈകൾ പിന്നിലേക്ക് തിരിച്ചുപിടിച്ച് കല്ല് ഉപയോഗിച്ച് പുറത്ത് അടിക്കുകയും ചെയ്തു. മാത്രമല്ല സൗരവിന്റെ പിതാവ് തന്‍റെ സാരി വലിച്ചുകീറിയതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗരവും പിതാവും കടിച്ചു പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയി പുറത്തിറങ്ങിയത്.

യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് സൗരവിനും കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, തന്നെ ആക്രമിച്ചെന്ന സൗരവിന്‍റെ പരാതിയില്‍ യുവതിക്കും പ്രതിശ്രുത വരനുമെതിരെയും കേസുണ്ട്. യുവതിയും പ്രതിശ്രുത വരനും തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചു എന്ന് കാണിച്ചാണ് സൗരവ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

The Taliparamba police have registered a case against a former male friend, his parents, and three identifiable individuals following a complaint by a 23-year-old woman in Kannur. The woman alleged that her ex-fiancé, Sourav (from Anthoor), along with his father Pradeepan and mother Sajitha, summoned her and her current fiancé under the guise of settling a prior dispute, only to assault them at Dharmashala. According to the complaint, the woman had cancelled her wedding proposal with Sourav after discovering his involvement in criminal cases, leading to defamation and a subsequent complaint with the Women's Cell. During the assault, the culprits allegedly kicked the fiancé, beat the woman with a stone, bit them, and tore her clothes. Counter-allegations were also made by Sourav, claiming the woman and her fiancé trespassed into his home and assaulted him. Police have registered cases under non-bailable sections for both complaints and initiated an investigation.