കൊച്ചിയില്‍ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ മുഹമ്മദ് അൻസാറിനെതിരെ വീണ്ടും കേസ്. കഴിഞ്ഞ മാസം 22-ന് പടമുകളിൽ വെച്ച് കാർ തടസ്സപ്പെടുത്തിയ സംഭവത്തിലാണ് തൃക്കാക്കര പൊലീസ് പുതിയ കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും, കാര്‍യാത്രക്കാരെ അസഭ്യം പറഞ്ഞതിനുമാണ് ഇയാൾക്കെതിരെ കേസ്. പടമുകൾ സ്വദേശിയായ കാർ യാത്രക്കാരൻ അന്ന് തന്നെ പരാതി നൽകിയിരുന്നെങ്കിലും, ആദ്യഘട്ടത്തിൽ ബസിനെതിരെ പിഴ ഈടാക്കുക മാത്രമാണ് ചെയ്തത്.
കലൂരിൽ പ്രവാസി മലയാളിയുടെ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയ മറ്റൊരു സംഭവത്തിൽ അൻസാറിനെ കഴിഞ്ഞ ദിവസം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഇയാള്‍ എ.എസ്.ഐയെ ആക്രമിക്കുകയും ചെയ്തു. എന്നിട്ടും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. Also Read: 125 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; റെക്കോർഡുകൾ ഭേദിച്ച് ഓഗസ്റ്റ്! സെപ്റ്റംബറിലും രക്ഷയില്ല.
കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ നെഞ്ചിൽ പിടിച്ച് തള്ളുകയും ഇടിച്ചു ചുണ്ടിൽ പരിക്കേൽപ്പിക്കുകയും ചെയ്തിട്ടും ജാമ്യം ലഭിക്കുന്ന ലഘു വകുപ്പുകൾ മാത്രം ചുമത്തിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നിരന്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.