Image Credit: X
ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറുവയസുകാരിയെ സ്വന്തം ശരീരത്തോട് ചേര്‍ത്തു കെട്ടിവച്ച് യുവതി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലാണ് സംഭവം. ഗോട്ല രാജിത (26) മകള്‍ അക്ഷിത എന്നിവരാണ് മരിച്ചത്.
ഏഴു വര്‍ഷം മുന്‍പാണ് ജഗിറ്റിയല്‍ സ്വദേശിയായ മെരുഗു അന്‍ജയെ രാജിത വിവാഹം കഴിച്ചത്. അക്ഷിതയെ കൂടാതെ ഒന്നര വയസ് പ്രായമുള്ള മകന്‍ കൂടി ഇവര്‍ക്കുണ്ട്. മകന്‍ ജനിച്ചതിന് പിന്നാലെ കലഹം രൂക്ഷമായതോടെയാണ് രാജിത മക്കളുമായി സ്വന്തം വീട്ടിലേക്ക് വന്ന് താമസം ആരംഭിച്ചത്.
ബന്ധം പിരിഞ്ഞുവെങ്കിലും മക്കളെ കാണാന്‍ ഇടയ്ക്കിടെ അന്‍ജയ് എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാജിതയുടെ മാതാപിതാക്കള്‍ ജോലിക്കായി പോയ സമയത്താണ് അന്‍ജയ് എത്തിയത്. കുട്ടികളെ കാണാനെത്തിയ അന്‍ജയ്, രാജിതയുമായി വഴക്കുണ്ടാക്കിയാണ് മടങ്ങിയത്. ഇതിന് പിന്നാലെ മകനെ ഉറക്കി മുറിയില്‍ കിടത്തിയ ശേഷം മകളുമായി രാജിത കൃഷിയിടത്തിലെ കിണറിന് സമീപത്തേക്ക് പോയി. മകളെ തന്‍റെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ ശേഷം കിണറ്റിലേക്ക് ചാടുകയായിരുന്നു.
ജീവനൊടുക്കാന്‍ തീരുമാനിച്ചതിന് തൊട്ടുമുന്‍പ് രാജിത സഹോദരിയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞുവെന്നും പൊലീസ് പറയുന്നു. വൈകുന്നേരം വീട്ടിലെത്തിയ മാതാപിതാക്കള്‍ രാജിതയെയും മകളെയും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)