കോട്ടയം മുന്‍ എക്സൈസ് ഡപ്യുട്ടി കമ്മിഷണർ എസ്. അശോക് കുമാറിനെതിരായ പരാതികൾ എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി എം.ലിജു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അശോക് കുമാർ ചുമതല വഹിച്ചിരുന്ന സമയത്തെ പരാതികളാണ് സാംബശിവ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.
ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അശോക് കുമാറിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ അശോക് കുമാറിനെവതിരെ കൂടുതൽ പരാതികളും തെളിവുകളും എക്സൈസ് കമ്മിഷണർക്ക് ലഭിച്ചു.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ താരങ്ങൾ പിടിയിലായ കേസിൽ പണം വാങ്ങി പ്രമുഖ താരങ്ങളെ ഒഴിവാക്കിയെന്ന ആക്ഷേപം. ജനപ്രതിനിധിയുടെ മകൻ പ്രതിയായ ലഹരിക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ അശോക് കുമാർ ഇടപെട്ടെന്ന പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഡപ്യൂട്ടി കമ്മിഷണർ പദവിയിലിരിക്കെ നടത്തിയ പത്തിലേറെ ക്രമക്കേട് പരാതികളിലാണ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ പരിശോധന. ഉദ്യോഗസ്ഥന്‍റെ ഭൂതകാലം മുഴുവൻ പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം.ലിജു പറഞ്ഞു.
അശോക് കുമാറിനെ സഹായിച്ച ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരും. സംസ്ഥാന വിജിലന്‍സിന് കൈമാറേണ്ട കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യം വിശദമായി പരിശോധിക്കുന്നുണ്ടെന്നും അതിവേഗത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു പറഞ്ഞു.
എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അശോക് കുമാറിനെതിരായ പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.