ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ ബാറുകള്‍ക്ക് വഴിവിട്ട സഹായം ചെയ്തതിന് കൂടുതല്‍ തെളിവുകള്‍. 27 ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയിരുന്നതിന്‍റെ രേഖകള്‍ കണ്ടെത്തി. അശോക് കുമാര്‍ ബാറുകളിലെത്തി മാസപ്പടി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു.
കോട്ടയത്തെ എക്സൈസിന്‍റെ അമരത്തിരുന്ന അശോക് കുമാര്‍ , വകുപ്പിനേക്കാള്‍ കൂടുതല്‍ സേവിച്ചത് ബാറുടമകളെയായിരുന്നൂവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലെ അന്വേഷണത്തില്‍ ലഭിച്ചത്. ബാറുകള്‍ നേരത്തെ തുറന്ന് വൈകി അടക്കാന്‍ അശോക് കുമാര്‍ മൗനാനുവാദം നല്‍കി. തന്‍റെ അനുമതിയില്ലാതെ ഒരു ബാറില്‍ പോലും പരിശോധനക്ക് പോകരുതെന്ന് മറ്റെല്ലാ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും അശോക് കുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇങ്ങിനെ ബാറുകളെ സഹായിക്കുന്നതിനുള്ള സമ്മാനം മാസപ്പടിയായി ബാറുടമകള്‍ അശോക് കുമാറിന് കൃത്യമായി എത്തിച്ച് നല്‍കി. കോട്ടയം പ്രദേശത്തെ 27 ബാറുടമകള്‍ അശോകുമായി നടത്തിയ പണമിടപാടിന്‍റെ രേഖകള്‍ കണ്ടെടുത്തു. യൂണിഫോമില്ലാതെ ബാറിലെത്തി അശോക് കൈക്കൂലി വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. മാസപ്പടിയായി കിട്ടുന്ന ലക്ഷങ്ങള്‍ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതിന്‍റെ തെളിവും എക്സൈസ് വിജിലന്‍സ് സംഘം ശേഖരിച്ചു. അശോക് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ എക്സൈസ് കമ്മീഷണര്‍ വി.സാംബശിവറാവു, വകുപ്പ് സെക്രട്ടറിക്ക് കൈമാറി. നാളെ മന്ത്രി എം.ലിജുവുമായി ആലോചിച്ച ശേഷം നടപടിയുണ്ടാകും.