AI Generated Image
കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച് സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദേശം നൽകി പിതാവ്. പിതാവിന്‍റെ നിർദേശപ്രകാരം യുവാവ് കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. തെലങ്കാനയിലെ ഗോദാവരിഖാനിയിലാണ് സംഭവം. 33കാരിയായ അൻകതി മാനസയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ കാമുകൻ വിനോദിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിജനമായ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ കാറിന്‍റെ ഡിക്കിയിൽനിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാറങ്കലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
മാനസയും ബാല്യകാല സുഹൃത്തായ വിനോദും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഓഗസ്റ്റ് 17ന് വിനോദിനെ കണ്ട മാനസ വിവാഹം ഇനി വൈകിക്കാനാകില്ലെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിവാഹത്തിന് വിനോദ് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ വിനോദ് മാനസയുടെ പിതാവിനെ വിവരമറിയിച്ചു.
മകളുടെ പെരുമാറ്റത്തിൽ നേരത്തേ തന്നെ അസ്വസ്ഥനായിരുന്ന പിതാവ് ഇതോടെ കൂടുതൽ പ്രകോപിതനായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മാനസയെ കൊലപ്പെടുത്താൻ വിനോദിനോട് ആവശ്യപ്പെട്ടു. പിതാവിന്‍റെ നിർദേശപ്രകാരം വിനോദ് മാനസയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം കാറിന്‍റെ ഡിക്കിയിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
മാനസയ്ക്ക് അപസ്മാരം ഉണ്ടായിരുന്നെന്നും വീട്ടിലെ മുറിയിൽവച്ച് മരിച്ചതാണെന്നുമായിരുന്നു വിനോദ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഭയം കാരണമാണ് മൃതദേഹം കാറിൽ മാറ്റിയതെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ വിനോദ് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിലെ പിതാവിന്റെ നിർദേശത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.