jabalpur-murder

TOPICS COVERED

മധ്യപ്രദേശിലെ ജബൽപൂരിൽ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന യുവതിയെ സഹപ്രവര്‍ത്തകന്‍ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. കൃത്യത്തിനു ശേഷം യാതൊരു കൂസലുമില്ലാതെ പ്രതി അടുക്കളയില്‍ ജോലി തുടരുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗോഹൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദമോ നാകയ്ക്കടുത്തുള്ള മഹ്ഫിൽ ബാർ ആൻഡ് റസ്റ്ററന്റിൽ ഓഗസ്റ്റ് 14ന് വൈകുന്നേരമാണ് സംഭവം.

ഇരുപതുകാരിയായ മുസ്‌കാൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതി പവനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം റസ്റ്ററന്റിന്റെ അടുക്കളയിൽ വെച്ച് മുസ്‌കാനും പവനും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ പ്രകോപിതനായ പവൻ അടുത്തുണ്ടായിരുന്ന കറിക്കത്തി കൊണ്ട് മുസ്കാന്റെ വയറിൽ കുത്തുകയായിരുന്നു. വെറും മൂന്ന് സെക്കൻഡിനുള്ളിൽ നാലുതവണയാണ് ഇയാള്‍ മുസ്‌കാന്റെ വയറിനു കുത്തിയത്. 

ഗുരുതരമായി പരിക്കേറ്റ മുസ്‌കാൻ വേദനകൊണ്ട് നിലവിളിച്ചുകൊണ്ട് നിലത്തുവീണു. എന്നാല്‍ ആക്രമണത്തിനുശേഷവും യാതൊരു ഭാവവ്യത്യാസവുമില്ലാതെ പവൻ തൊട്ടടുത്തായി നില്‍ക്കുകയും കൂസലില്ലാതെ പാത്രം എടുത്ത് വീണ്ടും തന്റെ ജോലിയില്‍ മുഴുകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ ഓടിയെത്തിയപ്പോഴാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മുസ്‌കാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

റസ്റ്ററന്റിന്റെ അടുക്കളയിൽ വെച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതി പവനെ  അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.