• 2023 ജനുവരിയിലാണ് 32 കാരിയായ ലിന്‍ഡ്സെ തന്‍റെ മൂന്നു കുട്ടികളെ കൊലപ്പെടുത്തുന്നത്

'അമേരിക്കയിലെ ഏറ്റവും ദുഃഖകരമായ കൊലപാതക വിചാരണ' എന്നായിരുന്നു ലിൻഡ്സെ ക്ലാൻസിയുടെ കേസിനെക്കുറിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചും മൂന്നും വയസും എട്ട് മാസവും പ്രായമുള്ള തന്‍റെ പൊന്നോമനകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഒരു അമ്മയുടെ കേസ്. പക്ഷേ, ദാരുണമായ കൊലപാതകം എന്നതിനപ്പുറം ലിന്‍ഡ്സെയുടെ കേസ് ഇന്ന് ലോക മനസാക്ഷിയുടെ മുന്നില്‍ ചര്‍ച്ചയാകുന്നത് പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന മാനസികാവസ്ഥയുടെ ഏറ്റവും ക്രൂരമായ മുഖമായിട്ടാണ്. പോസ്റ്റ്‌പാർട്ടം ഡിപ്രഷന്‍റെ ഏറ്റവും ഭീകരമായ സംഭവത്തിന്‍റെ ഇരയായിട്ടാണ്... 

2023 ജനുവരിയിലാണ് 32 കാരിയായ ലിന്‍ഡ്സെ തന്‍റെ മൂന്നു കുട്ടികളെ കൊലപ്പെടുത്തുന്നത്. അവരുടെ മരണത്തിന് താനാണ് കാരണമെന്ന കാര്യത്തില്‍ അവര്‍ തര്‍ക്കിക്കുന്നില്ല. എന്നാല്‍, പ്രസവാനന്തരം മനോരോഗം ബാധിച്ച് യഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ട് ചെയ്ത പ്രവര്‍ത്തിയില്‍, ലിന്‍ഡ്സെയ്ക്കു ക്രിമിനല്‍ ഉത്തരവാദിത്തമില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കേസിന്‍റെ വിചാരണയും ആരംഭിച്ചു. ഇതോടെയാണ്, കേസില്‍ ആരെ കുറ്റം ചുമത്തുമെന്നത് ചോദ്യച്ചിഹ്നമായി സമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത്. 

20243 ജനുവരി 24-ന് മാസച്യുസിറ്റ്‌സിലെ ഡക്‌സ്‌ബറിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഗൃഹനാഥന്‍ പാട്രിക് ക്ലാൻസി സന്തോഷവാനായിരുന്നു. ഭാര്യ ലിൻഡ്‌സെയും അവരുടെ മൂന്ന് കുട്ടികളും വീട്ടിലുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീട് അസാധാരണമാംവിധം നിശബ്ദമായിരുന്നു. വീട്ടിലേക്ക് കയറിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. കുട്ടികളെ അന്വേഷിച്ച് പാട്രിക് രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് കയറാന്‍ നോക്കിയപ്പോള്‍ വാതിൽ പൂട്ടിയിരിക്കുന്നു. കതക് തകര്‍ത്ത് അകത്തു കയറുമ്പോള്‍ കണ്ടത് തറയില്‍ രക്തം. ജനൽ തുറന്നുകിടക്കുന്നു. 

പാട്രിക് പുറത്തേക്ക് ഓടി. നിലത്ത് വീണു കിടക്കുന്ന ലിൻഡ്സെയുടെ കൈത്തണ്ടയിലും കഴുത്തിലും മുറിവുകള്‍. അതില്‍നിന്നും അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. പാട്രിക് ഭയചികിതനായി പൊലീസിനെ വിളിച്ചു. ലിന്‍ഡ്സെ വാരിയെടുത്ത് പാട്രിക് ചോദിച്ചു, 'നീ എന്താണ് ചെയ്തത്?' 'ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു', ലിൻഡ്സെ മറുപടി പറഞ്ഞു. 'കുട്ടികൾ എവിടെ?' പാട്രിക്കിന്‍റെ ചോദ്യത്തിന് അവളുടെ മറുപടി വന്നു, 'ബേസ്മെന്‍റിൽ...'

നിമിഷങ്ങൾക്കുശേഷം, പാട്രിക് തന്‍റെ കുട്ടികളെ കണ്ടെത്തി. അഞ്ച് വയസുകാരന്‍ കോറ, മൂന്ന് വയസുള്ള ഡോസൺ, എട്ട് മാസം പ്രായമുള്ള ക്യാലന്‍. മൂന്നുപേരും അബോധാവസ്ഥയിൽ. കുട്ടികളെ പ്രദേശത്തെ ആശുപത്രികളിലേക്ക് എത്തിച്ചെങ്കിലും അവര്‍ മൂന്നുപേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസിന്‍റെ അന്വേഷണത്തില്‍, വ്യായാമത്തിന് ഉപയോഗിക്കുന്ന ബാന്‍ഡുകള്‍ ഉപയോഗിച്ച് മൂന്നു കുട്ടികളെയും ലിൻഡ്സെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി വ്യക്തമായി. ശേഷം കത്തിയുപയോഗിച്ച് കൈത്തണ്ടയും കഴുത്തിലും സ്വയം മുറിവേല്‍പ്പിച്ച് രണ്ടാം നിലയില്‍നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ ലിൻഡ്സെയുടെ അരയ്ക്കു താഴേക്കു തളര്‍ന്നു പോയി.

മസാച്യുസെറ്റ്സിലെ പബ്ലിക് ടെവ്ക്സ്ബറി ആശുപത്രിയില്‍ തടവിൽ കഴിയുകയാണ് ലിൻഡ്സെ ക്ലാൻസി ഇപ്പോള്‍. വീല്‍ചെയറിലാണ് വിചാരണയ്ക്കായി കോടതിയിലെത്തുന്നത്. പൊലീസിന്‍റെ  റിപ്പോര്‍ട്ടില്‍ ലിൻഡ്സെ വളരെക്കാലമായി വിഷാദരോഗവുമായി മല്ലിട്ടിരുന്നു എന്ന് കണ്ടെത്തി.  മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം ലിൻഡ്സെയുടെ മാനസികാരോഗ്യം വഷളായിരുന്നു. ദീർഘകാലമായുള്ള ഉറക്കമില്ലായ്മയ്ക്കും വിഷാദരോഗവും കാരണം പല ഡോക്ടർമാരുടെയും ചികിത്സ അവള്‍ തേടിയിരുന്നു. മരുന്നുകൾ കാരണം അവരുടെ ജീവിതം തന്നെ ഭയാനകമായിരുന്നു. ലിൻഡ്സെയുടെ അവസ്ഥ കൃത്യമായി കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും ഭര്‍ത്താവ് അടക്കം പരാജയപ്പെട്ടു. കേസിനാസ്പദമായ സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള നാലു മാസത്തില്‍ ലിൻഡ്സെ പല മരുന്നുകള്‍ നിര്‍ത്തുകയും പുതിയത് പലതും പരീക്ഷിക്കുകയും ചെയ്തെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നിട്ടും, ലിൻഡ്സെയുടെ പ്രശ്നം കണ്ടെത്താനോ ശരിയായ ചികിത്സ നല്‍കാനോ കഴിഞ്ഞില്ല എന്നതാണ് ദാരുണമായ സംഭവത്തിലേക്ക് എത്തിച്ചത്. 

കേസില്‍ വിചാരണയ്ക്ക് മുന്നേ തന്നെ പാട്രിക്ക് ലിൻഡ്സെയില്‍ നിന്നും വിവാഹമോചനം നേടി. പാട്രിക് വീണ്ടുമൊരു വിവാഹം കഴിച്ച് മറ്റൊരു കുടുംബം പുലര്‍ത്തുന്നു. മുൻ ഭാര്യയുടെ അഭിഭാഷകനും ഹർജിയും മുന്നോട്ടുവെച്ച ലിൻഡ്സെയുടെ മാനസിക തകരാര്‍ സംബന്ധിച്ച നിലപാട് തന്നെയാണ് പാട്രിക്കിനുമുള്ളത്. മക്കളുടെ മരണശേഷം 2024-ൽ നൽകിയ ഒരു അഭിമുഖത്തിൽ പാട്രിക് പറഞ്ഞു, 'ഞാൻ ഒരു ക്രൂരയായ സ്ത്രീയെയല്ല വിവാഹം കഴിച്ചിരുന്നത്, അസുഖം ബാധിച്ച ഒരാളെയായിരുന്നു...' 

പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദമോ, പ്രസവാനന്തര മനോരോഗമോ ഉള്ള സ്ത്രീകളെ ചികിത്സിക്കുന്നതിൽ നമ്മുടെ സമൂഹം ദയനീയമായി പരാജയപ്പെടുന്നു എന്നതിന്‍റെ സാക്ഷിപത്രമാണ് ലിൻഡ്സെ ക്ലാൻസിയുടെ ജീവിതം. ആവര്‍ത്തിച്ച് പറഞ്ഞിട്ടും സമൂഹം ഈ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ലിൻഡ്സെയുടേത്, വ്യക്തമായും മാനസിക രോഗത്തിന്റെ ഫലമായുണ്ടായ ഒരു സാഹചര്യമാണെന്ന് വൈദ്യ റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നുണ്ട്. അറിയാതെയാണെങ്കില്‍ പോലും താന്‍ പ്രവസിച്ച മൂന്നു കുരുന്നുകളെ കഴുത്ത് ഞെരിച്ച കൊന്ന ലിൻഡ്സെയുടെ പ്രവര്‍ത്തിയെ ലഘൂകരിക്കാനും സാധിക്കില്ല. വിചാരണയ്ക്കൊടുവില്‍, കുട്ടികളുടെ മരണത്തില്‍ ക്ലാൻസിയെ ക്രിമിനൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ജഡ്ജി കണ്ടെത്തിയാൽ, അവരെ മാനസികരോഗാശുപത്രിയിൽ ഏൽപ്പിക്കുന്നതിനുള്ള നിയമ നടപടികൾ കോടതി ആരംഭിക്കും. 

കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അമ്മയായിരുന്നു ലിന്‍ഡ്നെ. എന്നിട്ടും, ജീവിതകാലം മുഴുവൻ ശാരീരിക വൈകല്യവും, മാനസിക ആഘാതവും വഹിച്ച്, തന്‍റെ കുഞ്ഞുങ്ങളെ സ്വന്തം കൈകൊണ്ട് കൊലപ്പെടുത്തിയെന്ന തിരിച്ചറിവില്‍ ഓരോ ദിവസവും കഴിച്ചുകൂട്ടേണ്ട അസഹനീയമായ ദുഃഖവും വേദനയുമാണ് ലിൻഡ്സെ എന്ന അമ്മ ഇപ്പോള്‍ അനുഭവിക്കുന്നത്. ഒന്നു തിരിഞ്ഞു നോക്കിയാല്‍, ലിൻഡ്സെ ക്ലാൻസിക്ക് ഫലപ്രദമായ വൈദ്യസഹായം നൽകിയിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്ന സാഹചര്യം അവളുടെ ചുറ്റുമുള്ള ലോകത്തിനുണ്ടായിരുന്നു... 

ENGLISH SUMMARY:

Lindsey Clancy case highlights the severe consequences of postpartum depression and inadequate maternal mental health care. This tragic case serves as a stark reminder of the societal failures in supporting women experiencing postpartum psychosis.