വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 41 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ, കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കാറിൽ വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
റസീലിന്റെ പാന്‍റിന്‍റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ വിപണി വില സ്ഥിരമല്ലെങ്കിലും, പൊലീസ് അന്വേഷണ റിപ്പോർട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ നിയമവിരുദ്ധ വിപണിയിൽ 1 ഗ്രാം MDMA-യ്ക്ക് ഏകദേശം ₹3,000 മുതൽ ₹10,000 വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 41 ഗ്രാം MDMA-യ്ക്ക് ഏകദേശം ₹1.2 ലക്ഷം മുതൽ ₹4 ലക്ഷം രൂപ വരെ വില വരാം.
ഇന്ത്യയിലെ Department of Revenue (DOR) നൽകുന്ന വിവരങ്ങൾ പ്രകാരം MDMA കൈവശം വെക്കുന്നതിനെ അളവിന്‍റെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ചിരിക്കുന്നു. ഇതില്‍ 0.5 ഗ്രാം വരെ ചെറിയ അളവായും. 10 ഗ്രാം മുതല്‍ വാണിജ്യ അളവായും കണക്കാക്കുന്നു. 41 ഗ്രാം വാണിജ്യ അളവില്‍ പെടുന്നതിനാല്‍ ഗുരുതരമായ ശിക്ഷ ലഭിച്ചേക്കാം.
NDPS നിയമത്തിലെ സെക്ഷൻ 22(c) പ്രകാരം വാണിജ്യ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുകയോ, കടത്തുകയോ ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലഹരി കണ്ടെത്തിയ ആള്‍ക്ക് കുറഞ്ഞത് 10 വർഷം മുതൽ 20 വർഷം വരെ കഠിനതടവ് ലഭിച്ചേക്കാം.