ആറന്‍മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിഴയിട്ടെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് അനധികൃതമായി ലൈറ്റ് വെച്ച് വാഹനങ്ങള്‍ക്ക് പിഴയീടാക്കണമെന്ന ഗതാഗത കമ്മീഷണറുടെ കര്‍ശന നിര്‍ദേശം അനുസരിച്ചത്. പിഴ നോട്ടീസ് നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വാഹനമെന്ന് അറിയാതെയെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംഘടനകള്‍ ഗതാഗതമന്ത്രിക്ക് കത്ത് നല്‍കി. 

 

മനസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥരെന്ന് എം.എല്‍.എയടക്കം പരാതിപ്പെട്ടതോടെ വിഷയത്തില്‍ ഗതാഗതമന്ത്രി ഇടപെട്ടു. ഉടനടി അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി.എസ്. ലൈജു, എം.ഷമീര്‍ എന്നിവരെ സസ്പെന്‍ഡും ചെയ്തു. എന്നാല്‍ നിയമവും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശവും അനുസരിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്നതാണ് ഈ നടപടിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ പരാതി. 

 

Also read: പ്രളയ രക്ഷാപ്രവർത്തിന് ഉപയോഗിച്ച വാഹനത്തിന് 7000 രൂപ പിഴ ചുമത്തി; പിന്നാലെ ഇടപെട്ട് മുഖ്യമന്ത്രി


രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയല്ല ഈ വാഹനത്തിന് പിഴയിട്ടത്. ആറന്‍മുളയില്‍ നിന്ന് ഏറെ അകലെ അടൂരില്‍ വണ്‍വേ തെറ്റിച്ച് ഈ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. അനധികൃതമായി സ്ഥാപിച്ച തീവ്രപ്രകാശമുള്ള ആറ് ലൈറ്റുകളും നിയമപ്രകാരമല്ലാതെ ടയറുകള്‍ വലിപ്പം കൂട്ടിയിരിക്കുന്നതും കണ്ടു. ഇതോടെയാണ് അയ്യായിരം രൂപയുടെ ചെല്ലാന്‍ തയാറാക്കി നല്‍കിയത്. ആ സമയം പരിശോധനയുടെ ദൃശ്യങ്ങളെടുത്ത വാഹന ഉടമ രക്ഷാപ്രവര്‍ത്തനത്തിന് പോയതാണെന്ന് പറഞ്ഞില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

 

അതുമാത്രവുമല്ല, ഇത്തരം പരിശോധനക്ക് ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിയതുമല്ലെന്നും സംഘടനകള്‍ പറയുന്നു. സംഭവത്തിന്‍റെ തൊട്ടുതലേന്ന് പത്തനംതിട്ട ആര്‍.ടി.ഒ അനധികൃത ലൈറ്റ് വെച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച മുന്‍പ് ഗതാഗത കമ്മീഷണര്‍ നല്‍കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ നിര്‍ദേശം. 

 

അനധികൃത ലൈറ്റുകള്‍ കാരണം എതിര്‍ദിശയില്‍ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു കര്‍ശന പരിശോധനക്കുള്ള നിര്‍ദേശം. അത് അനുസരിച്ച് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് ഉദ്യോഗസ്ഥരുടെ സംഘടനയായ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റ് ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the suspension of motor vehicle department officials in Kerala for issuing a fine during a rescue operation. The officials were following directives to penalize vehicles with unauthorized lights, leading to protests against their suspension.