പ്രളയ രക്ഷാപ്രവർത്തനത്തിൽ ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിഴയീടാക്കിയ സംഭവത്തിൽ മുഖ്യമന്ത്രി വിഡി സതീശന്‍ നേരിട്ട് ഇടപെട്ടു. വാഹന ഉടമകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ആറന്മുളയിലും റാന്നിയിലും അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ സമയത്ത് സന്നദ്ധപ്രവർത്തനവുമായി രംഗത്തിറങ്ങിയതായിരുന്നു ഈ ഓഫ് റോഡ് വാഹനം. വെള്ളക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നിരവധി പേരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റാൻ ഈ സംഘം സഹായിച്ചിരുന്നു. പ്രളയമേഖലയിലെ സേവനത്തിന് റാന്നിയിലെത്തിയ സമയത്ത് മുഖ്യമന്ത്രി ഇവരെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രക്ഷാപ്രവർത്തനത്തിനിടയിൽ വാഹനത്തിന്റെ എഞ്ചിനിൽ വെള്ളം കയറി തടസ്സം നേരിടുകയായിരുന്നു. തുടർന്ന് വാഹനം കെട്ടിവലിച്ച് അടൂരിലെത്തിച്ച് നിർത്തിയിട്ടിരുന്നപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത് പിഴചുമത്തിയത്.
വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് ലൈറ്റുകൾ അപകടകരമാണെന്നും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൊത്തം 7,000 രൂപ പിഴയീടാക്കിയത് (ലൈറ്റിന് 5,000 രൂപയും പൊല്യൂഷൻ സർട്ടിഫിക്കിയില്ലാത്തതിന് 2,000 രൂപയും). എന്നാൽ വാഹനം അടൂരിൽ നിർത്തിയിട്ടിരുന്ന സമയത്ത് ഉടമകൾ ആരും സ്ഥലത്തുണ്ടായിരുന്നില്ല.
ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് സാവകാശം നൽകാതെ എംവിഡി അധികൃതർ ഇത്തരത്തിൽ പെറ്റി അടിച്ച വിവരം പത്തനംതിട്ട നഗരസഭ കൗൺസിലർ അൻസർ മുഹമ്മദാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മുഖ്യമന്ത്രി വാഹന ഉടമകളെ ഫോണിൽ വിളിക്കുകയും ആശങ്കകൾ ചോദിച്ചറിയുകയും ചെയ്യുകയായിരുന്നു.