പൊലീസുകാര്‍ ഒന്നടങ്കം പിന്നാലെ പായുമ്പോഴും ഒളിവിലിരുന്ന് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് അര്‍ജുന്‍ ആയങ്കി. കേസിനായി ഫണ്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്. കേസ് നടത്തിപ്പിനായി എല്ലാവരും സംഭാവന ചെയ്യണമെന്നും കോടീശ്വരനെന്ന് ശത്രുക്കള്‍ വെറുതെ പറയുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ക്യൂ ആര്‍ കോഡ് അടക്കം ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്.
ഇതിനിടെ അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന്‍ അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി. ഇയാളെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ചിത്രം പുറത്തു വന്നു. എന്നാല്‍ ടോള്‍പ്ലാസ കടന്നശേഷം കാര്‍ മാറ്റി. ഇതോടെ തൃശൂരില്‍ നഗരത്തില്‍ പൊലീസ് വ്യാപകപരിശോധന നടത്തി.
Also read: അര്‍ജുന്‍ തൃശൂരില്‍?; പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ചിത്രം പുറത്ത്; അരിച്ചുപെറുക്കി പൊലീസ്
അർജുൻ ആയങ്കിയെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന അർജുൻ ആയങ്കിക്ക് കൊച്ചിയിൽ ഒളി താവളമൊരുക്കിയ രണ്ട് സുഹൃത്തുക്കളെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. താമസിക്കാൻ സൗകര്യം ഒരുക്കിയതിന് അപ്പുറം അർജുൻ ആയങ്കി എവിടെ പോയെന്നതിൽ സുഹൃത്തുക്കൾക്ക് വ്യക്തതയില്ല. ഒളിവിൽ ഇരുന്നാണ് ഭീഷണിയും വെല്ലുവിളികളും തുടരുന്നത്.
മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് അർജുനെ പിടികൂടാൻ നിയോഗിച്ചത്. ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം. കോതമംഗലം, ഊന്നുകൽ എസ് എച്ച് ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിലാണ് അർജുനെ പൊലീസ് തേടുന്നത്.