മദ്യ ലഹരിയിൽ അമ്മയെ മരിക്കാൻ  പ്രേരിപ്പിച്ചു ഭീഷണിപ്പെടുത്തിയ  ഒരു മകനുണ്ട്, വയനാട്ടിൽ. എന്നിട്ട് അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അവസാനം മകന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടതുകൊണ്ടുമാത്രം 80 വയസ്സുള്ള ആ വയോധിക ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. മകൻ അഴികൾക്കുള്ളിലാവുകയുംചെ്തു. 

"ഇത്രയും പ്രായമായിട്ടും എന്താ മരിക്കാത്തത്"- എന്നായിരുന്നു മകന്റെ  ചോദ്യം. രണ്ടു ദിവസം മുമ്പ് മൂക്കറ്റം മദ്യപിച്ചെത്തി മകൻ അമ്മയെ  കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ട് പൊലീസിനെ വിളിച്ചത്. മാനന്തവാടി തോണിച്ചാൽ സ്വദേശിനി 80 വയസുകാരി സരോജിനിയെയാണ്  മകൻ ദിനേശൻ (50) അതിക്രൂരമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. 

‘നിന്നെ കാലനു പോലും വേണ്ടേ? ’

കഴിഞ്ഞ ശനിയാഴ്ച  ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ഈ അതിക്രമം. വീട്ടിലെ ആവശ്യത്തിനായി പുറത്തുപോയി തിരികെയെത്തിയ  സരോജിനിയെ പ്രതി ദിനേശൻ  തടഞ്ഞുനിർത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി, "ഇത്രയും പ്രായമായിട്ടും എന്താ മരിക്കാത്തത്, നിന്നെ കാലനു വേണ്ടേ" എന്ന് ആക്രോശിച്ചുകൊണ്ട് അമ്മയെ കയ്യേറ്റം ചെയ്തു. തുടർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിന് അമർത്തിപ്പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. "വിഷം കൊണ്ട് തന്നാൽ കുടിക്കാമോ" എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിയുടെ ക്രൂരത. 

നാട്ടുകാരുടെ ഇടപെടൽ രക്ഷയായി

ആക്രമണത്തിനിടയിൽ സരോജിനിയുടെ നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സരോജിനിയെ പ്രതിയുടെ പിടിയിൽ നിന്നു രക്ഷപ്പെടുത്തിയത്. മകന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ മർദ്ദനത്തിലും വാക്കുകളിലും മനംനൊന്ത് സരോജിനി പിന്നീട് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയുണ്ടായി. ഉടൻതന്നെ ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.  

നടപടികൾ 

മാനന്തവാടി പൊലീസ് എസ് എച്ച് ഒ പി റഫീഖ്  എസ്ഐ മാരായ കെ.കെ സോബിൻ, അർജുൻ, സുനിൽകുമാർ, സിപിഒ മുഹമ്മദ് നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിക്കെതിരെ BNS 126(2), 115(2), 110 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.ദിനേശൻ ഇപ്പോൾ റിമാൻഡിലാണ്.

ENGLISH SUMMARY:

A 50-year-old man in Wayanad, Kerala, has been arrested for harassing his 80-year-old mother under the influence of alcohol. He allegedly threatened to kill her and attempted to strangle her, leading the mother to attempt suicide.