2006 ജൂലൈ 14. തിരുവനന്തപുരം കോവളം പൊലീസ് സ്റ്റേഷന് മുന്നില്‍ തൊണ്ടിമുതലുകളുമായി കുറച്ചു ലോറികളെത്തി. കോടതി ഉത്തരവുപ്രകാരമായിരുന്നു തൊണ്ടിമുതല്‍ കണ്ടെത്തി പൊലീസിന് ഏറ്റെടുക്കേണ്ടിവന്നത്. ആ ലോറികള്‍ നിറയെ നല്ല കായ്ച തെങ്ങുകളായിരുന്നു!

‘ഹാൽസിയൻ കാസിൽ’ 

കോവളത്തിന്റെ മനോഹാരിതയിൽ ആകൃഷ്‌ടനായ തിരുവിതാംകൂർ റസിഡന്റ് ജനറൽ വില്യം കല്ലൻ 1863ൽ കോവളം കടല്‍ത്തീരത്തിന് സമീപത്ത് സ്ഥലം വാങ്ങി ബംഗ്ലാവു നിർമിച്ചു.   1871ൽ കേണൽ ഹെർബർ ഡൂറി ബംഗ്ലാവ് ലേലത്തിൽ പിടിച്ചു. തിരുവിതാംകൂറിലെ സേവനം കഴിഞ്ഞു തിരികെ പോയപ്പോൾ ആയിരത്തിത്തൊള്ളായിരാമാണ്ടില്‍ അദ്ദേഹം കോവളം കൊട്ടാരം കൊല്ലം ബിഷപ് ഫെഡിനന്റ് ഓസിന് നൽകി.1930 വരെയും ഇത് സഭയുടെ കൈവശമായിരുന്നു. പിന്നീട് റീജന്റ് സേതു ലക്ഷ്‌മീ ഭായിയുടെ ഭർത്താവ് മകയിരം തിരുനാൾ രാമവർമ വലിയകോയിത്തമ്പുരാന് 10000 ബ്രിട്ടീഷ് രൂപയ്‌ക്കു വിറ്റു.

നാട്ടുകാർ തേങ്ങ മോഷ്‌ടിക്കുന്നതിനാൽ ആദായം കിട്ടുന്നില്ല എന്നതായിരുന്നു വിൽപനയ്‌ക്കുള്ള കാരണം. മകയിരം തിരുനാൾ രാമവർമ ബംഗ്ലാവ് പൊളിച്ച് അവിടെ ഒരു കൊട്ടാരം പണിതു.  ബ്രിട്ടീഷ് കാസിൽ വസ്‌തു ശിൽപവിദ്യയിലുള്ള കൊട്ടാരം. 1966ൽ കേരള സർക്കാർ അഞ്ചു ലക്ഷം രൂപയ്‌ക്കു കോവളം കൊട്ടാരം മകയിരം തിരുനാൾ രാമവർമയിൽ  നിന്ന് പൊന്നുംവിലയ്ക്ക് വാങ്ങി.  

ടൂറിസം വികസനത്തിനായി കെ.ടി.ഡി.സി. രൂപവൽക്കരിച്ച കേരള സർക്കാർ മസ്‌കറ്റ് ഹോട്ടൽ, തേക്കടിയിലെ അരണ്യ നിവാസ് എന്നിവയ്‌ക്കൊപ്പം കോവളം കൊട്ടാരം കെ.ടി.ഡി.സിക്കു നൽകി. 1970 ജൂലൈ 18ന് കേരള സർക്കാർ കോവളം കൊട്ടാരം ഉൾപ്പെടെയുള്ള 43 ഏക്കർ സ്‌ഥലം കേന്ദ്ര ടൂറിസംവകുപ്പിനു കൈമാറി. എന്നാല്‍ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തതിനും കൈമാറിയതിനുമൊന്നും രേഖകളില്ലാതായി. കോവളത്തെ ഐ.ടി.ഡി.സി. ഹോട്ടൽ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ പ്രശ്നം തുടങ്ങി. സംസ്ഥാനവും കേന്ദ്രവും സ്വകാര്യവ്യക്തിയുമെല്ലാം കക്ഷികളായി. കൊട്ടാരം ഏറ്റെടുക്കാന്‍ 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. 

എന്നാല്‍ 2005 ല്‍ കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമായിരുന്നു കോവളം കൊട്ടാരം വിവാദം. വി.എസ്.അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച കാലം. ഒടുവില്‍ നിയമനിര്‍മാണത്തിലൂടെയാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചത്.  കൊട്ടാരം ഏറ്റെടുത്ത് സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. 4.1330 ഹെക്‌ടർ സ്‌ഥലവും അതിലെ കെട്ടിടങ്ങളും ഏറ്റെടുക്കുന്ന ഓർഡിനൻസിൽ ഗവർണർ  ആർ. എൽ. ഭാട്യ ഒപ്പു വച്ചു. ചരിത്രപ്രാധാന്യമുള്ള കെട്ടിടമെന്ന നിലയിലാണ് കൊട്ടാരം ഏറ്റെടുത്തത്. കൊട്ടാരം ഒഴികെയുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ സ്വകാര്യ ഗ്രൂപ്പിന് സര്‍ക്കാര്‍ കൈമാറി.

കോടതി കയറിയ ‘ഗൗരീഗാത്ര’

സർക്കാർ ഏറ്റെടുത്ത കോവളം കൊട്ടാര വളപ്പിൽ നിന്ന് തെങ്ങുകൾ മോഷ്‌ടിച്ചു സ്വകാര്യ ഹോട്ടൽ വളപ്പിലേക്കു മാറ്റിനട്ടു എന്ന പരാതിയോടെയാണ് 2006 ല്‍ വീണ്ടും കോവളം കൊട്ടാരവും പരിസരവും വിവാദത്തിലേക്ക് മടങ്ങിവന്നത്. കലക്‌ടറുടെ പരാതിയിൻമേൽ തെങ്ങു മോഷണ കുറ്റത്തിനു സ്വകാര്യ ഹോട്ടലുടമയുൾപ്പെടെ മൂന്നു പേരുടെ പേരിൽ പൊലീസ് കേസെടുത്തു.   

മോഷ്‌ടിച്ചു നട്ടുപിടിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട തെങ്ങുകൾ കണ്ടെടുത്ത് കോടതിയിൽ തെളിവു ഹാജരാക്കേണ്ടത് പൊലീസിന്റെ ചുമതലയായി. സ്വകാര്യ  ഹോട്ടലിന്റെ സീ വ്യൂ ബ്ലോക്കിനു സമീപത്തു നട്ടുപിടിപ്പിച്ചിരുന്ന കായ്‌ഫലമുള്ള എട്ട് ഗൗരീഗാത്ര തെങ്ങുകൾ  പൊലീസ് പിഴിതെടുത്ത് കസ്റ്റഡിയിലാക്കി. 

റവന്യൂ അധികൃതർ വിശദ റിപ്പോർട്ട് നൽകുന്നതുവരെ തെങ്ങുകൾ സ്‌റ്റേഷനിൽ സൂക്ഷിക്കാൻ കോടതി നിര്‍ദേശിച്ചു. ഇതോടെ തെങ്ങുകള്‍ കോവളം പൊലീസിന്റെ തലയിലായി.  ഒടുവില്‍ തെങ്ങുകള്‍ കൊട്ടാരം വളപ്പില്‍ തിരികെ നടാന്‍ ഉത്തരവായി. ഉത്തരവ് നടപ്പാക്കാതിരിക്കാനാകില്ലല്ലോ. അപ്പോളേയ്ക്ക് തെങ്ങിന്റെ മണ്ടവാടിത്തുടങ്ങിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് തെങ്ങും തെങ്ങ് നടീലുകാരുമെല്ലാം കൊട്ടാരം പരിസരത്തേക്ക്. ക്രയിന്‍കൊണ്ട് പൊക്കി നേരം നിര്‍ത്തി നാലുപാടും വടം വലിച്ചുകെട്ടി നട്ടെന്ന് വരുത്തി കോടതി ഉത്തരവ് നടപ്പാക്കി. ഇതെന്തു തേങ്ങയാടാ ഇവന്‍മാര്‍ ഈ കാണിക്കുന്നതെന്ന് നോക്കിനിന്നവരെല്ലാം മനസില്‍ ചോദിച്ചു. അങ്ങനെ ദിവസങ്ങള്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ കോക്കനട്ട് ട്രീ അവസാനിച്ചു! 

ENGLISH SUMMARY:

Kovalam Palace history involves a complex journey from a private bungalow to a government acquisition, marked by legal battles and even a unique coconut tree theft case. This historic edifice in Kerala has seen various owners and transformations over the years, attracting significant attention and debate.