അസമിൽ 15കാരിയെ ക്രൂരമായി ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി. ഹൈലാകണ്ടി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കുടുംബാംഗങ്ങൾ സ്വന്തം വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ട നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിന് മുമ്പ് പെൺകുട്ടി അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തി. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും പൊലീസ് വ്യക്തമാക്കി.

കുടുംബത്തോടൊപ്പം ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്തിരുന്ന പെൺകുട്ടി, അവിടെ ഉണ്ടായ തർക്കത്തെ തുടർന്ന് നേരത്തേ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ അസമിലാകെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അസാമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 6 പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉപരോധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ അസം പൊലീസ്, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.

ENGLISH SUMMARY:

A 15-year-old girl was brutally sexually assaulted and murdered inside her home in Assam's Hailakandi district. Her family discovered her body in a pool of blood with her face mutilated beyond recognition and a stick inserted into her private parts.