Image Credit : AI

എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി അയൽവാസി കൊലപ്പെടുത്തിയെന്ന് പരാതി. ഗുജറാത്തിലെ സാബർകാന്തയിലെ കേവൽജി ഠാക്കൂർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കുടുംബവുമായുള്ള ഭൂമിതർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. കുടുംബം മന്ത്രവാ​ദം നടത്തിയിരുന്നതായും പ്രതി സംശയിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സാവൻജി ഠാക്കൂർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ഞായറാഴ്ചയാണ് കേവൽജിയെ കാണാതാകുന്നത്. കുട്ടിയുടെ പിതാവ് അരവിന്ദ്ജി ഠാക്കൂറുമായി പ്രതി സാവൻജിക്ക് വസ്തു തർക്കമുണ്ടായിരുന്നു. സാബർകാന്തയിലെ ഒരു സ്ഥലം വിൽക്കാൻ പ്രതി അരവിന്ദ്ജിയെ നിരന്തരം നിർബന്ധിക്കുകയും ഇതേച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കങ്ങൾ നിലനിൽക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ അരവിന്ദ്ജിയും കുടുംബവും തനിക്കെതിരെ ആഭിചാരക്രിയകൾ നടത്തുന്നുണ്ടെന്ന സംശയവും സാവന്‍ജിക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

അയല്‍വാസിയോട് പ്രതികാരം ചെയ്യാനായി മകനെ തട്ടിയെടുത്ത സാവന്‍ജി, കുട്ടിയെ കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് തിങ്കളാഴ്ച മൃതദേഹം കണ്ടെടുത്തത്. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സാവന്‍ജി കുറ്റം സമ്മതിച്ചു. 

ഒരു വർഷം മുൻപ് കുട്ടിയുടെ മൂത്ത സഹോദരൻ അമിത്ജി ഠാക്കൂറും ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. എന്നാൽ അന്ന് അതൊരു അപകടമരണമായാണ് കണക്കാക്കിയിരുന്നത്. കേവൽജിയുടെ കൊലപാതകത്തോടെ മൂത്ത സഹോദരന്റെ മരണത്തിന് പിന്നിലും സാവൻജിക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

ENGLISH SUMMARY:

Eight-year-old boy killed in Gujarat by a neighbor following a land dispute. The family suspects witchcraft played a role in the motive behind the horrific crime.