AI Generated Image
ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ മൾട്ടിനാഷണൽ കമ്പനി ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമൃത്സർ സ്വദേശിയായ സഞ്ജീവ് യാദവ് (36) ആണ് മരിച്ചത്. ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ അസോസിയേറ്റ് ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. വ്യാഴാഴ്ചയായിരുന്നു സംഭവം. ഭാര്യയുമായി നിലനിന്നിരുന്ന തർക്കങ്ങളും വിവാഹമോചന ആവശ്യവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് സഞ്ജീവിന്റെ ഭാര്യ മൻപ്രീത് കൗറും ഏഴ് വയസുകാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സഞ്ജീവ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ട ഏഴ് വയസുകാരനായ മകൻ ഈ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ സമയം ഭാര്യ നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും പൊലീസും നാട്ടുകാരും വ്യക്തമാക്കി. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും മരുമകൾ മനപ്പൂർവം കൊലപ്പെടുത്തിയതാകാമെന്നും സഞ്ജീവിന്റെ പിതാവ് ഗുരുതര ആരോപണവുമായി രംഗത്തെത്തി. സഞ്ജീവിന് ഏകദേശം 100 കിലോയോളം ഭാരമുണ്ട്. ഈ ഭാരമുള്ളയാൾ ഫാനിൽ തൂങ്ങിമരിച്ചു എന്നത് വിശ്വസനീയമല്ല. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരണം. എന്നണ് കുടംബത്തിന്റെ വാദം.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ മൻപ്രീത് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സഞ്ജീവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
2018-ലായിരുന്നു സഞ്ജീവും മൻപ്രീത് കൗറും തമ്മിലുള്ള വിവാഹം. തുടർന്ന് 2019-ൽ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു. കുടുംബപരമായ പ്രശ്നങ്ങളെത്തുടർന്ന് ഇവർക്കിടയിൽ കുറച്ചുകാലമായി അകൽച്ച നിലനിന്നിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ ചോദ്യം ചെയ്യലുകളും പരിശോധനകളും നടത്തിവരികയാണ്.