പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്ത് എസ്.ഐ.ടി. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ 58 മാര്‍ക്ക് മൂല്യനിര്‍ണയം നടത്താതെ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനത്തിന് അവസരമൊരുക്കിയെന്ന് കണ്ടെത്തല്‍. ഉന്നതരായ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കും. ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ കുറ്റപ്പെടുത്തല്‍.
പി.എസ്.സി പരീക്ഷയില്‍ അട്ടിമറിയെന്നത് ആക്ഷേപമല്ലെന്നും യാഥാര്‍ഥ്യമാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സമീപകാല ചരിത്രത്തിലാദ്യമായി പി.എസ്.സി ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസുമെടുത്തു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 2023 ജൂലായ് 13ന് നടന്ന ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലാണ് വന്‍ അട്ടിമറി. 58 മാര്‍ക്കിന്‍റെ ഉത്തരങ്ങള്‍ക്ക് മൂല്യനിര്‍ണയം നടത്താതെ റാങ്ക് പട്ടിക തയാറാക്കുകയും ഇടത് അനുകൂലിയായ ഒരാളെ ഒന്നാം റാങ്കുകാരനാക്കി ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുകയും ചെയ്തു.
പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെ അട്ടിമറിയെന്നാണ് ഐ.ജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലെ എസ്.ഐ.ടി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കുറ്റകരമായ വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നീ കുറ്റങ്ങള്‍ പ്രകാരമെടുത്ത കേസില്‍ പി.എസ്.സി ഉദ്യോഗസ്ഥര്‍ എന്ന് മാത്രമാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പരാതിക്കാരന്‍റെ മൊഴിയില്‍ ഉദ്യോഗസ്ഥരുടെ പേര് പറയാത്തതിനാലാണ് പ്രതിപ്പട്ടികയില്‍ ആരുടെയും പേര് ചേര്‍ക്കാതിരുന്നത്.
എന്നാല്‍ പ്രതികളായ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ എസ്.ഐ.ടി തിരിച്ചറിഞ്ഞു. ഇവരെ പ്രതിചേര്‍ത്ത് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മൂല്യനിര്‍ണയം അട്ടിമറിച്ച് അനധികൃത നിയമനത്തിന് വഴിയൊരുക്കിയത് കൂടാതെ അതിന്‍റെ തെളിവായ ഉത്തരക്കടലാസ് ഉദ്യോഗാര്‍ഥി ആവശ്യപ്പെട്ടിട്ടും ഒരു വര്‍ഷത്തോളം നല്‍കാതെ പിടിച്ചുവച്ചെന്നും എഫ്.ഐ.ആറിലുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ അട്ടിമറിക്ക് പിന്നിലെ രാഷ്ട്രീയ ഇടപെടലിലേക്കും അന്വേഷണം നീണ്ടേക്കും.