ആലുവയിൽ 12 വയസുകാരിയെ കാണാതായ കേസിൽ സുഹൃത്തായ 25 കാരനെതിരെ പോക്സോ കേസ് എടുക്കുമെന്ന് പൊലീസ്. പോക്സോയ്ക്കൊപ്പം തട്ടിക്കൊണ്ടുപോകൽ വകുപ്പും ചുമത്തും. കഴിഞ്ഞ ആറുമാസമായി ചെറായിയിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന ഓച്ചിറ സ്വദേശി അഭിജിത്തിനെതിരെയാണ് പൊലീസ് കേസ് എടുക്കുക.
ശനിയാഴ്ച രാത്രി നോട്ടുബുക്ക് വാങ്ങാനെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ പെൺകുട്ടി ഇയാൾക്കൊപ്പം മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്നു. അഭിജിത്തിന്റെ ഫോൺ ലോക്കേഷൻ പിന്തുടർന്ന ആലുവ പൊലീസ് ഇന്നലെ വൈകിട്ടോടെ പൂണെ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയുടെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഫലം കണ്ടത്. ഇരുവരും വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് പൂണെ റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടെവച്ചാണ് കേരള പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ മെഡിക്കൽപരിശോധനയുടെയും മറ്റ് ശാസ്ത്രീയ പരിശോധനകളുടെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തും.