കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ വിദ്യാര്‍ഥിനി കീര്‍ത്തന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനും പ്രതിയായ ആണ്‍സുഹൃത്ത് ആദിദേവിനുമെതിരെ കുടുംബം. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് 20കാരി കീര്‍ത്തന ആത്മഹത്യ ചെയ്തതെന്നും പൊലീസുകാരന്‍റെ മകനായ ആണ്‍സുഹൃത്ത് ആദിദേവിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ആരോപണം പൊലീസും പ്രതിയുടെ കുടുംബവും നിഷേധിച്ചു.
‘സാർ, കാറിന്റെ പിന്നിൽ ചോര’; ഉദ്വേഗത്തിന്റെ അര മണിക്കൂർ; ഡിക്കി തുറന്നപ്പോൾ ട്വിസ്റ്റ്!
പ്ലസ് വണ്‍ തൊട്ടേ പ്രണയത്തിലായിരുന്ന ആദിദേവും കീര്‍ത്തനയും. മറ്റൊരു യുവതിയുമായി ആദിദേവ് അടുപ്പത്തിലായതോടെ കീര്‍ത്തന ആദ്യം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൗണ്‍സിങ്ങിലൂടെ തിരിച്ചുകൊണ്ടുവന്ന മകള്‍ മംഗളൂരുവില്‍ പഠനം തുടരവെ ആദിദേവ് വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുകയും പിന്നീട് ബ്ലോക്ക് ചെയ്ത് പ്രണയത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ജീവനൊടുക്കുമെന്ന് കീര്‍ത്തന നേരിട്ട് ആദിദേവിന്‍റെ അച്ഛനെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം മറച്ചുവച്ചെന്ന് കീര്‍ത്തനയുടെ കുടുംബം പറഞ്ഞു.
'ഞാനെന്തെങ്കിലും ചെയ്യും. ചെയ്യുന്നതിന് മുന്‍പ് ആരെയെങ്കിലും വിളിച്ച് പറയേണ്ടത് കൊണ്ടാണ് അങ്കിളിനെ വിളിച്ച് പറയുന്നത്. എനിക്ക് ആദിയില്ലാതെ ആവൂല... എന്നെ യൂസ് ചെയ്ത് ഒഴിവാക്കിയത് പോലെയാണിത്. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഒന്നും തോന്നരുത്' എന്നിങ്ങനെയാണ് കീര്‍ത്തനയുടെ വാക്കുകള്‍. ഫാനില്‍ കയര്‍ കുരുക്കിയ ഫോട്ടോയും ഇതിനൊപ്പം അയച്ചിരുന്നു. ഏപ്രില്‍ 17 ന് സന്ദേശം അയക്കുകയും ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കീര്‍ത്തന ആത്മഹത്യക്ക് ശ്രമിക്കുകയമായിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഏപ്രില്‍ 30 തിനാണ് കീര്‍ത്തന മരിക്കുന്നത്.
ആദിദേവിന്‍റെ അച്ഛനും പൊലീസുകാരനുമായ കെ.പി അനീഷുമായി പ്രശ്നങ്ങളെ കുറിച്ച് മകള്‍ നിരന്തരം സംസാരിച്ചിരുന്നുവെന്നും ഇതിന് തെളിവാണ് വാട്സാപ്പ് ചാറ്റും ഓഡിയോ ക്ലിപ്പുകളുമെന്നും കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യുമെന്ന് ഫാനില്‍ കുരുക്കിട്ട ചിത്രം അയച്ച് മകള്‍ അദ്ദേഹത്തോട് മുന്നറിയിപ്പ് നല്‍കിയിട്ടും തങ്ങളെ അറിയിച്ചില്ല. അനീഷിനെ പ്രതിചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഏപ്രില്‍ 30 ന് കീര്‍ത്തന മരിച്ചിട്ടും ആദിദേവിനെ പ്രതിചേര്‍ത്തത് ജൂലൈ 13നാണ്. പ്രതിയുടെ അച്ഛന്‍ പൊലീസുകാരനയതിനാലാണ് സംരക്ഷണമെന്നാണ് ആരോപണം.
ഫെയ്സ്ബുക്കിലെ പരസ്യം പണിയായി; ഓർഡർ ചെയ്തത് ഡ്രോൺ ക്യാമറ, കിട്ടിയത് രണ്ട് കുപ്പി വെളളം
വ്യാജമായ ആരോപണമാണ് മകനെതിരെയുള്ളതെന്നും ആത്മഹത്യക്ക് കാരണം മറ്റുപലതാണെന്നും ആദിദേവിന്‍റെ കുടുംബം പറയുന്നു. ലഹരിക്ക് അടിമയായിരുന്നു യുവതിയെന്നും പ്രതിയുടെ അച്ഛന്‍ ആരോപിച്ചു. ആദിദേവിന്‍റ അച്ഛനെ പ്രതിചേര്‍ക്കേണ്ടതുണ്ടെന്ന് അന്വേഷണത്തില്‍ തോന്നിയിട്ടില്ലെന്നും പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് കേസന്വേഷിക്കുന്ന പേരാവൂര്‍ ഡിവൈഎസ്പിയുടെ മറുപടി.