sudheesh-varkala

TOPICS COVERED

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മുഖ്യപ്രതി സുധീഷ് ഉള്‍പ്പടെ നാല് പേര്‍ പിടിയിലായിരിക്കുകയാണ്. വര്‍ക്കലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പണികള്‍ നടത്തുന്ന സുധീഷാണ് സിനിമാസ്റ്റൈല്‍ ആക്രമണത്തിലെ സംവിധായകനും വില്ലനുമൊക്കെ. സുധീഷിനെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ മറുപടികളും അക്രമത്തിന് നടത്തിയ തയാറെടുപ്പുകളും കേട്ട് പൊലീസ് തന്നെ ഞെട്ടിയിരിക്കുകയാണ്.

വര്‍ക്കല വടശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകന്‍ അച്ചുവിനെയുമാണ് സുധീഷും കൂട്ടാളികളും തട്ടിക്കൊണ്ടുപോയതും കെട്ടിയിട്ട് മര്‍ദിച്ചതും. ഇതിന്‍റെ കാരണം അനില്‍കുമാറിന്‍റെ മകളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായിരുന്നു. അനില്‍കുമാറിന്‍റെ മകളെ സുധീഷിന് ഇഷ്ടമായിരുന്നു. പ്രണയം അറിയിച്ചപ്പോള്‍ മകള്‍ തള്ളിക്കളഞ്ഞു. അതിന്‍റെ വാശിക്ക് വീട്ടില്‍ കല്യാണ ആലോചനയുമായെത്തി. വീട്ടുകാരും വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ സുധീഷിന് വാശിയായി. കല്യാണത്തിന് വീട്ടുകാരെ സമ്മതിപ്പിക്കാന്‍ പലവഴികളും ശ്രമിച്ചു. ഒടുവില്‍ തന്‍റെ സ്നേഹം ആത്മാര്‍ത്ഥമാണെന്ന് പറഞ്ഞ് മനസിലാക്കാനാണത്രേ പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുവന്നിട്ടും അച്ഛന്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ ദേഷ്യം വന്നിട്ട് മര്‍ദിച്ചതാണെന്നാണ് സുധീഷിന്‍റെ വിചിത്രവഴി.

തട്ടിക്കൊണ്ടുപോകല്‍ പെട്ടന്ന് തോന്നിയ ഐഡിയ അല്ല. നാല് മാസം എടുത്ത് വമ്പന്‍ ആസൂത്രണമാണ് സുധീഷ് നടത്തിയത്. സുധീഷിന്‍റെ അമ്മയുടെ അമ്മയുടെ വീട് ആരും താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അവിടെമാണ് തന്‍റെ തട്ടിക്കൊണ്ടുപോകല്‍ കേന്ദ്രമാക്കാന്‍ സുധീഷ് തീരുമാനിച്ചത്. അവിടെ ഒരു മുറി അലുമിനിയം ഫാബ്രേിക്കേഷനൊക്കെ ചെയ്ത് സൗണ്ട് പ്രൂഫ് സ്റ്റുഡിയോ പോലെ സ്വയം പണിതെടുത്തു. ആ മുറിക്കുള്ളില്‍ ഇരുമ്പ് പട്ടകള്‍ കുരിശ് പോലെ ചേര്‍ത്ത് വെല്‍ഡ് ചെയ്തുണ്ടാക്കി. തട്ടിക്കൊണ്ട് വരുന്നയാളെ കുരിശില്‍ തറക്കുന്നത് പോലെ കെട്ടിയിടാനായിരുന്നു ആ തന്ത്രം. പേടിപ്പിക്കാനായി മാലപ്പടക്കവും ഡിറ്റണേറ്ററുമൊക്കെ തയാറാക്കി. തേനില്‍ ചുമന്ന മഷി ചേര്‍ത്ത് രക്തം പോലത്തെ ദ്രാവകവുമുണ്ടാക്കി സൂക്ഷിച്ചു. തന്‍റെ സ്നേഹം വിശ്വസിക്കാനായി സ്വയം ശരീരത്തില്‍ മുറിവുണ്ടാക്കുന്നതായി അഭിനയിക്കാനായിരുന്നിരിക്കണം വ്യാജ രക്തമുണ്ടാക്കി സൂക്ഷിച്ചത്.

അങ്ങിനെ എല്ലാ തയാറെടുപ്പുകള്‍ക്കും ശേഷമാണ് വ്യാഴാഴ്ച(ജൂലൈ 16) അനില്‍കുമാറിനെ ഇവിടേക്ക് വിളിച്ചുവരുത്തിയത്. കൂലിപ്പണിക്കാരനായ അനില്‍കുമാറിനെ ജോലിക്കെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. അതിന് ശേഷം സൗണ്ട് പ്രൂഫാക്കിയ മുറിയില്‍ കയറ്റി കുരിശ് പോലെ തയാറാക്കിയ ഇരുമ്പ് കമ്പികളില്‍ ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ടായിരുന്നു ഉപദ്രവം. അനില്‍കുമാറിനെ ക്രൂരമായി ഉപദ്രവിച്ചിട്ടും മകളെ കല്യാണം കഴിപ്പിച്ച് കൊടുക്കാന്‍ തയാറായില്ല. ഇതോടെ അനില്‍കുമാറിന് വയ്യാതായെന്ന കള്ളം പറഞ്ഞ്, അനില്‍കുമാറിന്‍റെ മകന്‍ അച്ചുവിനെയും ഇവിടേക്ക് വരുത്തിച്ചു. അച്ചുവിനെയും കെട്ടിയിട്ട് മര്‍ദിച്ചു. പിന്നീട് അനില്‍കുമാറിന്‍റെ ഭാര്യയേയും ഇവിടെയെത്തിക്കാനുള്ള ആവേശമാണ് സുധീഷിന് തിരിച്ചടിയായത്. അമ്മയേ കൂട്ടാനായി അച്ചുവിനൊപ്പം സുധീഷും അനില്‍കുമാറിന്‍റെ വീട്ടിലെത്തി. ഇതിനിടെ അച്ചു വര്‍ക്കല പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഒളിവില്‍ പോയ സുധീഷ് കുമാറും സംഘവും നേരെ പോയത് പളനിയിലേക്ക്. പോയ തലയൊക്കെ മൊട്ടയടിച്ചു. രണ്ട് ലക്ഷ്യങ്ങളായിരുന്നു മൊട്ടയടിക്ക് പിന്നില്‍. ആരും തിരിച്ചറിയരുതെന്നത് ഒന്നാമത്തെ ലക്ഷ്യം. മറ്റൊന്ന് പൊലീസ് പിടിക്കാതിരിക്കാനായി മൊട്ടയടിച്ച് പ്രാര്‍ത്ഥിക്കുക. പളനിയില്‍ ഒളിവില്‍ കഴിഞ്ഞ രണ്ട് ദിവസവും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ അധികദിവസം അവിടെ താമസിക്കാനാവില്ലെന്ന് മനസിലായതോടെ തിരികെപോന്നു. ഒടുവില്‍ കൊല്ലത്ത് ചിതറക്ക് അടുത്ത് ഒരു പാറമടയില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാവുന്നത്.

അങ്ങിനെ സ്നേഹം സത്യസന്ധമാണെന്ന് മനസിലാക്കിക്കാനായി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് ജയിലിലാകുന്ന ആദ്യ പ്രതിയായി മാറുകയാണ് സുധീഷ്.

ENGLISH SUMMARY:

The Varkala kidnapping case involving Sudheesh, who abducted and assaulted a father and son for rejecting his love proposal, has led to significant police investigation. This incident highlights a disturbing trend of extreme actions driven by unrequited affection in Kerala.