മാളിനുള്ളിൽ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസികളായ യുവാക്കള്‍ അറസ്റ്റില്‍. ഗാസിയാബാദിലെ രാജ് നഗറിൽ നിർമ്മാണത്തിലിരിക്കുന്ന മാളിലാണ് എഴു വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിനയ് കുമാർ (18), സാഹിബുദ്ദീൻ (22) എന്നീ രണ്ട് നിർമ്മാണ തൊഴിലാളികളെ ഘാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച രാത്രി 7:30 ഓടെ മാളിന് സമീപമുള്ള ചേരി പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങളും പൊലീസും നടത്തിയ തിരച്ചിലിൽ, പുലർച്ചെ 1:05 ഓടെ മാളിന്‍റെ ബേസ്‌മെന്റിൽ നിന്ന് നഗ്നയായ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രക്തക്കറകൾ പിന്തുടർന്നാണ് പൊലീസ് ഇവിടെയെത്തിയത്. മുറിയുടെ തറയിലും ചുവരുകളിലും രക്തം തെറിച്ച നിലയിലായിരുന്നു. ഈ മുറിയിൽ നിന്ന് കുട്ടിയുടെ ചെരുപ്പ്, വസ്ത്രങ്ങൾ, രക്തം പുരണ്ട ഇരുമ്പ് വടി എന്നിവ പോലീസ് കണ്ടെടുത്തിയതായി എസിപി പ്രിയശ്രീ പാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയ്. കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിഹാറിൽ നിന്നുള്ള യുവാക്കള്‍ ഈ കുട്ടിയുമായി നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചിരുന്നു. ചിപ്സും ശീതളപാനീയവും വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇവർ കുട്ടിയെ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പീഡനശേഷം പ്രതികൾ കുട്ടിയെ മൂന്നാം നിലയിലെ വെന്റിലേഷനിലൂടെ മൂന്ന് നിലകൾ താഴെയുള്ള വിജനമായ ബേസ്‌മെന്റിലേക്ക് എറിയുകയായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന മാളിന്‍റെ പ്രധാന കവാടത്തിൽ സെക്യൂരിറ്റി ഗാർഡുകൾ ഉണ്ടായിരുന്നില്ല. 

ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിൽ ആകെ 25-ലധികം മുറിവുകളാണുണ്ടായിരുന്നത്. ഇതിൽ 17 എണ്ണവും തലയിലാണേറ്റത്. ഇരുമ്പുവടി കൊണ്ട് പല തവണ തലയ്ക്കടിച്ചു. ഇടതുകാലിൽ രണ്ട് എല്ലുകള്‍ പൊട്ടി. തലയോട്ടിയിലും ശരീരത്തിലുമേറ്റ കഠിനമായ പരിക്കുകളെ തുടർന്നുണ്ടായ അമിതമായ ആന്തരിക-ബാഹ്യ രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായും റിപ്പോർട്ട് സ്ഥിരീകരിച്ചു. രണ്ട് പ്രതികളെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ENGLISH SUMMARY:

Two construction workers, Vinay Kumar and Sahibuddin, were arrested for the brutal rape and murder of a seven-year-old girl in an under-construction mall in Ghaziabad. The child, who had been lured away with the promise of snacks, was discovered deceased in the building's basement with severe injuries, including over 25 wounds. Post-mortem reports confirmed that the victim suffered extensive physical trauma and sexual assault before being thrown from a ventilation shaft. The suspects were identified through CCTV footage and are currently held in judicial custody.