ai-generate-image-savariya

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

  • ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ലാപ്ടോപ് കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് മരിച്ചത്. പ്രതി മലപ്പുറം സ്വദേശിയായ സഹപാഠി സദറുൽ അനം അറസ്റ്റില്‍. സാവരിയയുടെ മൃതദേഹം വൈകിട്ട് ഹരിപ്പാടെത്തിക്കും

ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സഹപാഠിയുടെ മർദനമേറ്റു മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനമിനെ ഉസ്ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

savariya-haripad-death

ഉസ്ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സാവരിയ

ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ് ഇരുവരും. വാക്കുതർക്കത്തെത്തുടർന്ന് സദറുൽ അനം ലാപ്ടോപ് എടുത്ത് സാവരിയയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവമാണ് മരണത്തിന് കാരണമായത്. നാല് ദിവസം മുൻപാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

വീസ തടസ്സമായി, പിതാവിന് പോകാനായില്ല: മകളുടെ മരണവിവരമറിഞ്ഞ് കുവൈത്തിൽ ജോലി ചെയ്യുന്ന പിതാവ് ഉസ്ബെക്കിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വിസ സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ കാരണം യാത്ര സാധ്യമായില്ല. തുടർന്ന് സാവരിയയുടെ അമ്മാവൻ നേരിട്ട് എത്തിയാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്ന് വൈകിട്ടോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. സാവരിയയുടെ അമ്മ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ മരണവിവരം അറിയിച്ചിട്ടില്ല.

സാവരിയയും സദറുൽ അനവും തമ്മിൽ ചില വ്യക്തിപരമായ കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ ബോധരഹിതയായി വീണിരുന്നു. പ്രതിയായ സദറുൽ അനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tragedy in Uzbekistan: Malayali Medical Student Beaten to Death with Laptop by Classmate:

A 22-year-old Malayali medical student, Savariya from Haripad, Alappuzha, was allegedly murdered by her classmate in Uzbekistan. The incident took place at Bukhara State Medical University following a dispute where the accused, Sadarul Anam from Perinthalmanna, repeatedly hit her on the head with a laptop. Savariya tragically succumbed to severe brain hemorrhaging caused by the assault, and the accused has been detained by the Uzbekistan police. Her body was brought to Delhi with the help of her uncle after her father faced visa issues, and it is expected to reach her hometown in Kerala by evening.