തിരുവനന്തപുരം വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി കൂട്ടുകാരി വഞ്ചിച്ച മനോവിഷമത്തിൽ ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി ഐശ്വര്യയാണ് മരിച്ചത്. ഐശ്വര്യയുടെ സഹജീവനക്കാരി അഞ്ജു കഴിഞ്ഞദിവസം മരിച്ചു. അതേ സമയം കേസിലെ പ്രതി സിന്ധുവിനെതിരെ പരാതി പ്രളയമാണ്. പത്തു പരാതികളാണ് വിഴിഞ്ഞം സ്റ്റേഷനിൽ ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും വഞ്ചനയും ആണ് എല്ലാ പരാതികളിലും ഉള്ളത്.
സിന്ധുവിന്റെ വീട്ടിൽ നിന്നും വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സിന്ധുവിനെതിരെ മൂന്നു കേസുകൾ ഉണ്ട്. 70 പവൻ സ്വർണം സൂര്യ ഫിനാൻസ് ജീവനക്കാരികളിൽ നിന്ന് സിന്ധു തട്ടിയെടുത്ത് വിറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സ്ഥാപന ഉടമയെ ജീവനക്കാരികള്‍ കബളിപ്പിച്ചു, ജീവനക്കാരികളെ കൂട്ടുകാരി ചതിച്ചു, വെങ്ങാനൂര്‍ സൂര്യ ഫിനാന്‍സിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന മൊഴികളാണ്. മുപ്പതാം തീയതിയാണ് രണ്ട് ജീവനക്കാരികള്‍ ഷാര്‍ജ ഷെയ്ക്കില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചത്.
ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ വെണ്ണിയൂര്‍ സ്വദേശി അഞ്ജുവാണ് ആദ്യം മരിച്ചത്. സൂര്യ ഫിനാന്‍സിലെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു. ഒപ്പം വിഷം കഴിച്ച വെങ്ങാനൂര്‍ അമരിവിള ശാഖയിലെ ജീവനക്കാരിയായ 32 കാരി ഐശ്വര്യ മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
ഇരുവരുടേയും അടുത്ത സുഹൃത്തായ സിന്ധുവിനാണ് സ്ഥാപനത്തില്‍ നാട്ടുകാര്‍ പണയം വച്ച 70 പവന്‍ സ്വര്‍ണം ഇവര്‍ മറിച്ച് നല്‍കിയത്. ഈ സ്വര്‍ണം പുറത്ത് പണയം വയ്ക്കുന്നതിലൂടെ ജീവനക്കാരികള്‍ക്ക് കമ്മിഷന്‍ ലഭിച്ചിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് സിന്ധു സ്വര്‍ണം തിരികെ നല്‍കിയില്ല. യാഥാര്‍ഥ ഉടമകള്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയോടെ പരിഭ്രാന്തരായ യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിന്ധു പൊലീസ് കസ്റ്റഡിയിലാണ്.