pathanamthitta-police-1

പത്തനംതിട്ട കൂടലിലെ 13 വയസുള്ള ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വ്യാജ പീഡന പരാതി എന്ന പകപോക്കലില്‍ എത്തിച്ചത് പ്രണയനൈരാശ്യം മാത്രമല്ല. കുറ്റപ്പെടുത്തലും ഒറ്റപ്പെടലും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചതാണ്. പിതാവും ഒരു സഹോദരിയുമുണ്ട്. സഹപാഠിയുമായി ഇതിനിടെ അടുപ്പത്തിലായി. അടുപ്പം സ്കൂളില്‍ ആകെ അറിയുന്ന സ്ഥിതിയായി. അധ്യാപകരും വീട്ടുകാരും പെണ്‍കുട്ടിയെ രൂക്ഷമായി കുറ്റപ്പെടുത്തി. ഇതിനിടെ ഈ പ്രണയബന്ധം തകര്‍ന്നു. അടുത്ത കൂട്ടുകാരിക്കും ഈവിവരങ്ങള്‍ പുറത്തുവന്നതില്‍ അടക്കം പങ്കുണ്ടെന്ന് സംശയിച്ചതും വീട്ടുകാരുടെ കുറ്റപ്പെടുത്തലും കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലായി. ഇതോടെയാണ് പീഡനപരാതി നല്‍കിയത്.

 

ചൈല്‍ഡ് ലൈനില്‍ വിളിച്ചാണ് സഹപാഠികളടക്കം പത്തിലധികം പേര്‍ പീഡിപ്പിച്ചു എന്ന് പരാതി പറഞ്ഞ്. അതിലാണ് കൂടല്‍ പൊലിസ് അടിയന്തരമായി ഇടപെട്ടതും. പിണങ്ങിപ്പോയ കാമുകന്‍, സുഹൃത്തുക്കള്‍, തെറ്റിപ്പിരിഞ്ഞ ഉറ്റ സുഹൃത്തായ പെണ്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് മൊഴി കൊടുത്തത്. മുന്‍കാമുകന്‍, രണ്ട് കൂട്ടുകാര്‍, പിണങ്ങിയ കൂട്ടുകാരി അടക്കം നാലുപേരേയും രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് വിളിപ്പിച്ചു. സ്കൂളിന് പുറത്തുള്ള പ്രായപൂര്‍ത്തിയായ രണ്ടുപേരേയും വിളിപ്പിച്ചു. അവരുടെ മൊഴിയെടുത്തപ്പോള്‍ തന്നെ പരാതി വ്യാജമെന്ന് പൊലീസിന് തോന്നിത്തുടങ്ങി. പെണ്‍കുട്ടിയുടെ മൊഴികളിലാകെ പൊരുത്തക്കേട്. സ്കൂളിലെ ശുചിമുറിയിലും കൂട്ടുകാരിയുടെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. പരിശോധനയില്‍ ഈ പറഞ്ഞ ദിവസങ്ങളില്‍ ഒന്നും ഇവര്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി.തൊട്ടുപിന്നാലെ പീഡനം നടന്നിട്ടില്ല എന്ന വൈദ്യപരിശോധനാ ഫലം വന്നു.

 

ഇത് വച്ച് മൊഴിയെടുത്തതോടെ പെണ്‍കുട്ടി എല്ലാ സത്യവും തുറന്നു പറഞ്ഞു. പരാതി വ്യാജമാണ്. സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ല.ഇതോടെ വിളിച്ചു വരുത്തിയവരെ പൊലീസ് വിട്ടയച്ചു. പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന്‍റെ മുന്നിലെത്തിച്ച് പീഡനം നടന്നിട്ടില്ല എന്ന മൊഴി കൊടുപ്പിച്ചു. പീഡനം ഇല്ല എന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ മാനസിക സമ്മര്‍ദ്ദം കണക്കിലെടുത്ത് കൗണ്‍സിലിങ് നല്‍കും. വ്യാജ പരാതിയാണ് നല്‍കിയതെങ്കിലും അഞ്ച് മണിക്കൂറിലധികം നാല് വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു.

ENGLISH SUMMARY:

A 13-year-old girl from Pathanamthitta has withdrawn her allegation that more than 10 people, including classmates, sexually assaulted her after a medical examination found no evidence of abuse. Police say emotional distress, isolation, and a failed teenage relationship contributed to the false complaint. The accused students have been cleared, while counselling has been arranged for the minor.