ഭര്‍ത്താവിനെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ട് കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സിക്കന്ദ്ര സ്വദേശി സുരേന്ദ്ര ശര്‍മ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ റൂബിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രയെ കാണാനില്ലെന്ന പരാതിയില്‍ 45 ദിവസമായി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് റൂബി പൊലീസിന്‍റെ പിടിയിലാകുന്നത്.
മേയ് 18 നാണ് സുരേന്ദ്രയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. 26-ാം തീയതി റൂബി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 45 ദിവസമായി തിരച്ചില്‍ തുടങ്ങിയെങ്കിലും യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. കൊല്ലപ്പെട്ട സുരേന്ദ്രയുടെ സഹോദരനുണ്ടായ സംശയമാണ് ഭാര്യ റൂബിയിലേക്ക് അന്വേഷണം എത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ പൊലീസ് സംഘത്തിന് റൂബിയുടെ പൊരുമാറ്റത്തില്‍ തോന്നിയ അസ്വഭാവികതയും കേസില്‍ നിര്‍ണായകമായി.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രയുടെ താമസം. സംഭവ ദിവസം മക്കളെ സുരേന്ദ്രയുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് മാറ്റിയാണ് റൂബി കൊലപാതകം പ്ലാന്‍ ചെയ്തത്. ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി മയക്കി. ബോധം നഷ്ടപ്പെട്ട സുേരന്ദ്രയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിനെ കാണായത് മുതല്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ കരഞ്ഞ് അഭിനയിച്ച റൂബി ഭര്‍ത്താവിന്‍റെ കുടുംബത്തോട് പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തകേടുണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുളിമുറിയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കണ്ടെത്താതിരിക്കാന്‍ ടൈല്‍ വിരിച്ച നിലയിലാണ് മൃതദേഹം കുഴിച്ചിട്ട ഭാഗമുണ്ടായിരുന്നത്.
പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. കേസില്‍ ബാക്കിയുള്ളവരുടെ പങ്കിനെ പറ്റി അന്വേഷണം തുടരുകയാണ്.