AI Generated Image

മഹാരാഷ്ട്രയിലെ ജൽഗാവിൽ 40കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 11 പേർ അറസ്റ്റില്‍. മൂന്ന് പ്രായപൂർത്തിയാകാത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂൺ രണ്ടിന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.

ജൽഗാവിലെ ജാംനേർ താലൂക്കിലുള്ള ഫത്തേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് സംഭവം. ജൂൺ രണ്ടിന് വൈകുന്നേരം സ്ത്രീയും പുരുഷ സുഹൃത്തും വനത്തിൽ ഇരിക്കുമ്പോഴാണ് പതിനാലോളം പേരടങ്ങുന്ന സംഘം വിറക് ശേഖരിക്കാനായി അവിടെയെത്തിയത്. അതിജീവിതയും പ്രതികളും ഒരേ സമുദായത്തിൽപ്പെട്ടവരും പരസ്പരം പരിചയമുള്ളവരുമായിരുന്നു. ഇത് മനസിലാക്കി തന്നെയായിരുന്നു പ്രതികളുടെ കുറ്റകൃത്യം.

പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ഇവരിൽ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ സമയം സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലർ ക്രൂരകൃത്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ആദ്യം ഭയന്ന യുവതി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ജൂൺ 25-ന് പ്രതികളിലൊരാൾ തന്നെ ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

വിഡിയോ വൈറലായതോടെ സ്ത്രീ തിങ്കളാഴ്ച ഫത്തേപ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും 14 പേരെയും പിടികൂടുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 15 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

In a horrific incident in Jalgaon, Maharashtra, 11 individuals have been arrested and three minors detained for the gang-rape of a 40-year-old woman. The crime, which took place in a forest area on June 2, gained public attention after the perpetrators circulated a video of the assault on social media on June 25. The victim, who was initially intimidated into silence, filed a formal complaint at the Fatehpur police station once the video went viral. Authorities have registered a case against 15 suspects under the Bharatiya Nyaya Sanhita (BNS) and the Information Technology Act, and further investigation is currently underway.