ചേര്‍ത്തലയില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ജയരാജന്റെ മകന്‍ കസ്റ്റഡിയില്‍. ജയരാജന്റെ ശരീരത്തില്‍ പരുക്കുകളുണ്ടായിരുന്നു. മകന്‍ മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ വഴക്കിനിടെ പിതാവിനെ മർദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. കഴുത്തിൽ കുത്തിപ്പിടിച്ചപ്പോഴുണ്ടായ ആഘാതത്തിൽ ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.