crime

TOPICS COVERED

വിവാഹാഭ്യർഥന നിരസിച്ചതിന് 19 വയസുകാരിയെ പട്ടാപകൽ നടുറോഡിലിട്ട് ക്രൂരമായി കുത്തി പരുക്കേൽപ്പിച്ച് യുവാവ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ സംഭവം. 47 സെക്കൻന്റിനുള്ളില്‍ 14 തവണയാണ് പ്രതി യുവതിയെ കുത്തിയത്. യുവതിയുടെ നില അതീവ ഗുരുതരമാണ്. 

ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബിഎ വിദ്യാർഥിനിയുമായ പൂജ എന്ന യുവതിയ്ക്കാണ് കുത്തേറ്റത്. പ്രതിയായ സുനിൽ ജരോലിയയെ (21) സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന പ്രതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. 

പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാർമസിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പൂജ. ജോലിയ്ക്ക് പോകുന്നതിനിടെ പ്രതി പൂജയെ തടഞ്ഞുനിർത്തി. സംസാരിക്കാൻ വിസമ്മതിച്ചതോടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി ക്രൂരമായി ആക്രമിച്ചു. തിരക്കേറിയ മാർക്കറ്റിലാണ് ആക്രമണം നടന്നത്. 

യുവതിയുടെ വയറ്റിലും കഴുത്തിലും കൈകളിലും മാരകമായി പരുക്കേറ്റിട്ടുണ്ട്. നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 ദിവസമായി ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. 

ENGLISH SUMMARY:

In a shocking daylight stabbing incident in Ujjain, Madhya Pradesh, a 19-year-old woman was brutally attacked multiple times with a weapon after rejecting a marriage proposal. The assailant, who met the victim through Instagram four years ago, was apprehended within three hours of the crime.