train-attack

TOPICS COVERED

ട്രെയിനില്‍ കയറാനുള്ള തിരക്കിനിടെ സഹയാത്രക്കാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ ഷാഹ്ദാര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യോഗ എക്സ്പ്രസ് സ്റ്റേഷനിലെത്തിയപ്പോഴുണ്ടായ തിരക്കിലാണ് സംഘര്‍ഷമുണ്ടായതും കൊലപാതകത്തില്‍ കലാശിച്ചതും. ഉത്തര്‍പ്രദേശ് സ്വദേശിയായ 35കാരന്‍ പങ്കജ് ധാമയാണ് മരിച്ചത്.

അഹമ്മദാബാദില്‍ നിന്നും ഹരിദ്വാറിലേക്കുള്ള ട്രെയിനാണ് യോഗ എക്സ്പ്രസ്. സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തിയതോടെ ആള്‍ക്കാരുടെ തിരക്കുണ്ടായി. പങ്കജ് വാതിലിനടുത്ത് നില്‍ക്കുകയായിരുന്നു. ഇത് യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കി. ഇതിന്‍റെ പേരിലാണ് തര്‍ക്കമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. സഹയാത്രികരായ ഒരു കൂട്ടം ആളുകളാണ് പങ്കജിനെ ആക്രമിച്ചത്. സഹയാത്രികര്‍ പങ്കജിനെ അടിക്കുകയും ചവിട്ടുകയും ചെയ്തതായാണ് സൂചന. 

കണ്ടുനിന്നവര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘം ചേര്‍ന്ന് ഒരാളെ മര്‍ദിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നവരെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുന്നതും വിഡിയോയിലുണ്ട്. ഈ സമയത്ത് മരിച്ച പങ്കജിനെ നിലത്ത് കാണാം. അക്രമി സംഘം ലഗേജുമായി നീങ്ങുന്നതും വിഡിയോയിലുണ്ട്. സംഭവത്തിന് പിന്നാലെ ഓള്‍ഡ് ഡല്‍ഹി പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസിനെ എത്തിച്ച് സുരക്ഷ ശക്തമാക്കി. 

ഡൽഹി മെട്രോയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു മരിച്ച പങ്കജ്. നാട്ടിലേക്ക് പോകാനായിരുന്നു പങ്കജ് സ്റ്റേഷനിലെത്തിയത്. പ്രതികളെ കണ്ടെത്താന്‍ സ്റ്റേഷനിലെ സിസിടിവ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളായവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മുസാഫര്‍നഗറില്‍ നിന്നും എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Pankaj Dhama, a 35-year-old Delhi Metro security staffer, was tragically beaten to death by a group of co-passengers following a dispute while boarding the Yoga Express at Shahdara Railway Station in East Delhi. As the train arrived at platform number three, a heated argument reportedly broke out because Pankaj was standing near the door, obstructing the movement of other passengers. The altercation turned violent, with the group brutally assaulting him, as captured in viral social media footage showing an RPF officer attempting to intervene while the attackers later fled with their luggage. Following an intensive investigation involving CCTV analysis and eyewitness accounts, the Delhi Police have arrested eight individuals from Muzaffarnagar in connection with the murder.