കേട്ടത് വിശ്വസിക്കാൻ പ്രയാസമായിരിക്കും, പക്ഷേ സംഭവം സത്യമാണ്, താമരശേരിയിലെ ഒരു സ്കൂളിൽ അധ്യാപകർക്ക് ഒരു രഹസ്യ വിവരം ലഭിക്കുന്നു. ചില വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അധ്യാപകർ നടത്തിയ പരിശോധനയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയത്. തുടർന്ന് ഈ മദ്യത്തിന്റെ ഉറവിടം അറിയാൻ വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. എന്നാൽ ഉത്തരം കേട്ടപ്പോൾ അധ്യാപകർ ഒന്നടങ്കം ഞെട്ടി, ചാരായം നൽകിയത് സഹപാഠി തന്നെ.
മദ്യം ടെസ്റ്റ് ടോസായി കൊണ്ടുവന്നത്, അത് രുചിച്ച് നോക്കാൻ സഹപാഠിക്ക് നൽകുകയായിരുന്നു. ഉടൻ തന്നെ അധ്യാപകർ താമരശേരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠിയുടെ രണ്ടാനച്ഛന്‍ വാറ്റുകാരനെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് 28 ലീറ്റര്‍ വാറ്റുചാരായം കണ്ടെത്തി.
ഒളിവിൽപ്പോയ ഇയാള്‍ക്കായി താമരശ്ശേരി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പണം വാങ്ങിയാണോ മദ്യം വിൽപന ചെയ്തത് എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്. ഇന്നലെ രാത്രി ജുവൈനൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടികളെ കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.