കാന്‍സര്‍ രോഗിയായി യുവാവിനെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദനത്തിന് ഇരയാക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ലാഡ്‌വ പൊലീസ് സ്റ്റേഷനിൽ വച്ചാണ് 30 കാരനായ യുവാവ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരെയും ഒരു ഹോം ഗാർഡിനെയും സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ജൂൺ 17-ന് രാത്രി കുരുക്ഷേത്രയിൽ വച്ചാണ് സംഭവം നടന്നത്. ബാങ്ക് ജീവനക്കാരനായ യുവാവ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ദ്രി റോഡില്‍ ചെക്കിങ്ങിന് നിന്നിരുന്ന പൊലീസുകാര്‍ ഇദ്ദേഹത്തെ തടഞ്ഞു. ചോദ്യം ചെയ്യല്‍ തര്‍ക്കത്തിലേക്ക് നീണ്ടു. യുവാവ് തുണി കൊണ്ട് മുഖം മറച്ചിരുന്നതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. തർക്കത്തെത്തുടർന്ന് സംഘം ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തനിക്ക് ബോണ്‍ കാൻസർ ആണെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ പരിഹസിച്ചു. രോഗബാധിതമായ കാലിൽ ബൂട്ടിട്ട് ചവിട്ടുകയും അമർത്തുകയും ചെയ്‌തുവെന്നും യുവാവ് പരാതിപ്പെട്ടു. കൂടാതെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്. കടുത്ത രക്തസ്രാവത്തെയും കാലിലെ ഒടിവിനെയും തുടർന്ന് ഇയാളെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് എ.എസ്.ഐ സഞ്ജീവ് കുമാർ, എ.എസ്.ഐ രാജേന്ദർ കുമാർ, ഹോം ഗാർഡ് സുമിത് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ കുരുക്ഷേത്ര എസ്.പി ചന്ദർ മോഹൻ ഉത്തരവിട്ടു. അതേസമയം യുവാവ് മദ്യപിച്ചിരുന്നെന്നും ചെക്ക്‌പോസ്റ്റിൽ വെച്ച് പൊലീസുകാരോട് മോശമായി പെരുമാറിയെന്നുമാണ് പ്രതികളുടെ വാദം. ഡെപ്യൂട്ടി എസ്.പി നിർമ്മൽ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിച്ച് വരികയാണ്.