14കാരിയെ ക്രൂരമായി മര്‍ദിച്ച 12 നും 17 നും ഇടയിൽ പ്രായമുള്ള ഏഴ് പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലെ ഓർച്ചാർഡ് റോഡിലെ കാർ പാർക്കിങ്ങിൽ വെച്ചാണ് ന്യൂജെന്‍ പെണ്‍പിള്ളേരുടെ ക്രൂരവിനോദം അരങ്ങേറിയത്. രാത്രി 11.25 ന് ബെഡോക് റിസർവോയർ റോഡിലേക്ക് ഓടിയെത്തിയ പെണ്‍കുട്ടി സഹായത്തിനായി പൊലീസിന്‍റെ നമ്പരിലേക്ക് വിളിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി ഒമ്പത് ദിവസത്തിലെറെയായി ആശുപത്രിയില്‍ അഡ്മിറ്റാണ്. തന്റെ മകൾ കൂട്ടുകാരോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയതാണെന്നും, അവളെ പാർക്കിംഗ് സ്ഥലത്തേക്ക് കൊണ്ടുപോയി, ഏഴ് പെൺകുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.
അവരിൽ നാലുപേരും പെണ്‍കുട്ടി ഓൺലൈന്‍ വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ശേഷം, പെൺകുട്ടി ഓർച്ചാർഡ് റോഡിലെ ദി സെന്റർപോയിന്റ് ഷോപ്പിംഗ് മാളിലേക്കാണ് എത്തിയത്. പൊലീസിനെ ഫോണ്‍ ചെയ്ത ശേഷം, മുത്തശ്ശിയുടെ വീട്ടിലേക്കു പോയി. അവിടെവെച്ചാണ് അമ്മയെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ, പെൺകുട്ടി നിലത്ത് കിടക്കുമ്പോൾ മറ്റ് പെണ്‍കുട്ടികള്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് കാണാം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.