Image: Delhi Police,File Manorama

രാജ്യ തലസ്ഥാനത്ത് നവജാതശിശുക്കളെ വിൽക്കുന്ന വൻ മനുഷ്യക്കടത്ത് സംഘം പിടിയില്‍. റാക്കറ്റിലെ മുഖ്യ സൂത്രധാരിയായ സ്ത്രീ ഉൾപ്പെടെ 12 പേരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. താന്‍ ഡോക്ടറാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീ മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഏകദേശം 20ലധികം കുഞ്ഞുങ്ങളെ സംഘം ഇതുവരെ കടത്തിയതായാണ് സൂചന. ഹരിയാനയിലേക്കും സംഘം കുട്ടികളെ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാതശിശുക്കളെ തട്ടിയെടുക്കുകയോ വിലയ്ക്കു വാങ്ങുകയോ ചെയ്ത ശേഷം, ജനന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വ്യാജമായി നിർമ്മിച്ച് വൻ തുകയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഇത്തരത്തില്‍ അഞ്ച് നവജാതശിശുക്കളെയാണ് റെയ്ഡിനിടയില്‍ സംഘത്തിന്‍റെ കയ്യില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയത്. ഈ കുട്ടികളില്‍ ഏറ്റവും ചെറിയ കുട്ടിക്ക് അഞ്ച് ദിവസം മാത്രമാണ് പ്രായം. മറ്റുള്ളവർക്ക് 20 ദിവസം, 27 ദിവസം, നാല് മാസം എന്നിങ്ങനെയാണ് പ്രായം.

അതേസമയം, ഉത്തർപ്രദേശിലെ ഹാപൂരിലും സമാനമായ മറ്റൊരു മനുഷ്യക്കടത്ത് സംഘം പിടിയിലായിട്ടുണ്ട്. കാണാതായ ഒരു കുട്ടിക്കായുള്ള തിരച്ചിലിനിടയിലാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. 17 വയസ്സുള്ള കുട്ടിയെ സംഘത്തിന്റെ പിടിയിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങൾ സജീവമാണെന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ENGLISH SUMMARY:

In a significant crackdown on organized crime, Delhi Police have dismantled a human trafficking racket involved in the illicit sale of newborns, arresting 12 individuals including the alleged mastermind who posed as a doctor. The gang operated across Delhi, Rajasthan, and Haryana, reportedly trafficking over 20 infants by procuring them through theft or purchase and subsequently selling them to childless couples with forged birth certificates. During the targeted raids, authorities successfully rescued five infants, with the youngest being only five days old. Simultaneously, police in Hapur, Uttar Pradesh, exposed a separate trafficking network while searching for a missing child, leading to the rescue of a 17-year-old and the arrest of four suspects. These operations highlight the pervasive threat of child trafficking rings across the nation and have prompted deeper investigations into these criminal networks. The rescued infants have been provided with necessary care as authorities work to dismantle these syndicates entirely.