യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്‍റെയും സുഹൃത്തുക്കളുടേയും ആരോപണ പ്രത്യോരോപണങ്ങളില്‍ പൊലീസ് അന്വേഷണം. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോക്സോ കേസുകൾ, നർക്കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം, സൈബർ കുറ്റങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
‘യൂട്യൂബ് സ്ട്രീമിങിന്റെയും വ്ലോഗിങ്ങിന്റെയും മറവിൽ വരുംതലമുറയെ അരാഷ്ട്രീയവത്കരിച്ച്, പാരലൽ ലോകത്തെത്തിച്ച് ലഹരിമരുന്നുകളുടെ അടിമകളാക്കുന്നു. ഓൺലൈൻ ബിസിനസിലൂടെ ‘തടിച്ച് കൊഴുക്കുകയും’ കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന ആരോപണങ്ങളാണ് തൊപ്പി ഗ്യാങിന്‍റെ പരസ്പരമുള്ള പകപോക്കലിൽ വിളിച്ചു പറയുന്നത്. ഇക്കാര്യം വരും തലമുറയുടെ നിലനിൽപ്പിനെ മുൻ നിർത്തി ചോദ്യം ചെയ്യാതെ വയ്യ’ എന്നും ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ലക്ഷക്കണക്കിന് കുട്ടികൾ തല്‍സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്. ഇതിനുപുറമേ, സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പുകളാണ് ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നത്. ലഹരി മരുന്ന് മാഫിയ ബന്ധങ്ങളും, പോക്സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്’– ശ്രീജിത്ത് പെരുമന.
‘സൗഹൃദം നടിച്ചുനടന്ന ഇവർ ഇന്ന് കാട്ടിക്കൂട്ടുന്ന ഈ വികൃതികൾ കാണുന്നവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളാണ്. ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നീചമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ മുന്നിലേക്ക് എത്തുമ്പോൾ അത് അവരിൽ ഉണ്ടാക്കുന്ന മാനസിക വെല്ലുവിളികള്‍ ചെറുതായിരിക്കില്ല. ഇത്രയും പരസ്യമായി അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും ക്രിമിനൽ കുറ്റങ്ങളും വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ടാണ് സൈബർ പോലീസും അധികാരികളും ഇവർക്കെതിരെ കർശനമായ നടപടിയെടുത്ത് ജയിലിലടക്കാൻ മടിക്കുന്നതെന്നും’ അദ്ദേഹം ചോദിക്കുന്നുണ്ട്. വരുംതലമുറയുടെ ഭാവി തകർക്കുന്ന ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂ എന്ന് കുറിച്ചാണ് ശ്രീജിത്ത് പെരുമന പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വിവാദങ്ങളിങ്ങനെ...
തന്‍റെ വീട്ടിലേക്ക് ലഹരിമരുന്ന് കയറ്റിയെന്ന ആരോപണം ആദ്യം നിഹാദാണ് ഉന്നയിക്കുത്. പിന്നാലെ മറുപടിയുമായി ഷമീറും ലൈവിലെത്തി. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നല്‍കി പെണ്‍കുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും ഷമീര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ ഉപയോഗിച്ചുവെന്നും ഷമീര്‍ ആരോപിക്കുന്നുണ്ട്. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്നാണ് ഷമീര്‍ ചോദിക്കുന്നത്. നിഹാദിന്‍റെ മുറിയില്‍ നിന്നും കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും ഇവര്‍ പുറത്തുവിട്ടു.
നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മമ്മു എന്നറിയപ്പെടുന്ന മുഹമ്മദും ഷമീറും രംഗത്തെത്തിയിരുന്നു. തൊപ്പിയുടെ അടിവസ്ത്രങ്ങള്‍ വരെ തങ്ങള്‍ അലക്കിയിരുന്നുവെന്നും തൊപ്പി പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മര്‍ദിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി. ക്യാമറയില്‍ കാണാത്ത ഒരു രൂപവും സ്വഭാവവും അവനുണ്ട്. അത് ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.
വിഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. ‘തൊപ്പി ഫയല്‍സ്’ ആണ് പുറത്തുവന്നതെന്നും വിഡിയോ കണ്ട് ഞെട്ടിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. പ്രഥമ ദൃഷ്ട്യാ എന്‍ഡിപിഎസ് ആക്റ്റ് ചുമത്താവുന്ന കുറ്റമാണ് ഇരു കൂട്ടരും പരസ്പരം ആരോപിച്ചിരിക്കുന്നത്. മയക്കുമരുന്ന് നിര്‍മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവയെല്ലാം എന്‍ഡിപിഎസ് ആക്റ്റിന്‍റെ പരിധിയില്‍ വരും.