റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി സ്വദേശി പ്രിൻസി ആണ് പിടിയിലായത്. സൗഹൃദത്തിലൂടെ പണവും മൊബൈലും ആദ്യം കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടുകയുമായിരുന്നു. ഇരകളുടെ കൂട്ടത്തിൽ കൂടുതൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ ഉണ്ടെന്നും സംശയമുണ്ട്.
പാലക്കാട് ഒറ്റപ്പാലം, ലക്കിടി സ്വദേശിയായ റിട്ടയര്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് അറസ്റ്റ്. 2006 ല്‍ ഒറ്റപ്പാലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് യുവതിയെ പരിചയപ്പെടുന്നത്. ആ പരിചയം വളര്‍ന്നു. പിന്നീട് സൗഹൃദം മുതലെടുത്ത് യുവതി ഉദ്യോഗസ്ഥനില്‍ നിന്നും പണവും മൊബൈലും കൈക്കലാക്കുകയായിരുന്നു. പിന്നാലെ ഭീഷണി ആരംഭിച്ചു. ബന്ധം പുറത്ത് പറയുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷം രൂപയോളം പലസമയങ്ങളിലായി കൈക്കലാക്കി. കേരള ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥൻ അഞ്ച് ലക്ഷം രൂപയുടെ വായ്പയും എടുത്തു നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും യുവതിയുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇതിൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിന് പിന്നാലെ യുവതിക്കെതിരെ വീണ്ടും പരാതികളെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പേടിയും ഭീഷണിയും മൂലമാണ് പലരും പുറത്ത് പറയാതിരുന്നത്. യുവതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ENGLISH SUMMARY:
The Ottapalam police have arrested a woman from Vadakkanchery in Palakkad for allegedly honeytrapping a retired revenue official and extorting twenty lakh rupees from him. The accused, identified as Princy, built a close friendship with the complainant back in 2006 while he was working in Ottapalam before progressively exploiting the relationship. After initially extracting expensive mobile phones and cash through casual interactions, she systematically resorted to blackmail by threatening to expose their association to his family. Under extreme emotional distress, the victim was forced to pay large sums of money over time and even secured a five-lakh rupee loan from Kerala Bank specifically to satisfy her financial demands. Investigators strongly suspect that several other high-ranking government officials and police personnel have fallen victim to her calculated extortion racket but remained silent out of fear of social humiliation. Following her formal arrest, more victims have begun approaching the department with similar complaints, prompting the police to seek extended custody of the accused for an exhaustive interrogation.