സ്വകാര്യ പ്രാക്ടീസിങ്ങിന് പിടിയിലായ മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോ ശിവപ്രസാദ് എല്ലാദിവസവും  മെഡിക്കല്‍ കോളജിലെത്തി ഹാജന്‍ വച്ചശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നതെന്ന് കണ്ടെത്തി. രണ്ടിടത്തുമായി ഒരുമാസം ഇയാള്‍ക്ക് കിട്ടിയിരുന്നത് 10 ലക്ഷം രൂപ. ഇന്നലെയാണ്  കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ ശിവപ്രസാദിനെ വിജിലന്‍സ് പിടികൂടിയത്.

ഡോക്ടര്‍ ശിവപ്രസാദിനെ വിജിലന്‍സ് സംഘം കയ്യൊടെ പിടികൂടിയത്. രാവിലെ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തുന്ന കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസറായ വി ശിവപ്രസാദ് ഹാജരില്‍ ഒപ്പുവച്ചശേഷം മടങ്ങും. പിന്നീട് ഇദ്ദേഹത്തിന്‍റെ സേവനം ലഭിക്കണമെങ്കില്‍ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തണം. പോരാത്തതിന് നല്ലൊരു തുകയും രോഗികള്‍ നല്‍കണം. 

പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത് മൂന്നുലക്ഷം രൂപ. സ്വകാര്യ ആശുപത്രിയില്‍ നിന്ന് 7 ലക്ഷം. ആകെ 10 ലക്ഷം. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നപ്പോഴും ശിവപ്രസാദ് ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലി  ചെയ്തിരുന്നു.  സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസിങ് നടത്തുന്നതായി ആഭ്യാന്തരവകുപ്പിന് പരാതി ലഭിച്ചിരുന്നു. 

തുടര്‍ന്ന് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍  രോഗിയായി അഭിനയിച്ചെത്തി  ശിവപ്രസാദിനെ കയ്യോടെ പിടികൂടുകയായിരുന്നു.  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നപ്പോഴും  സ്വകാര്യ പ്രാക്ടീസിങിന്‍റെ പേരില്‍ ഇയാള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന്  ആരോഗ്യവകുപ്പിലെ ഉന്നതരെ സ്വാധീനിച്ച്  മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റം നേടുകയുമായിരുന്നു 

ENGLISH SUMMARY:

Doctor Sivaprasad was caught by the Vigilance for engaging in private practice while employed at the government medical college. He was reportedly earning a total of 10 lakhs per month from both his government salary and his private hospital work.