നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തുന്ന വൻ പ്രതിഷേധം ഡൽഹി ജന്തർമന്തറിൽ ആരംഭിച്ചു. യു.എസിൽ നിന്നും ഡൽഹിയിലെത്തിയ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഡോ. ബി.ആർ. അംബേദ്കറുടെ ആത്മകഥ ഉയർത്തിക്കാട്ടിയാണ് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. വിമാനത്താവളത്തിൽ നിന്ന് പൊലീസ് സുരക്ഷാ അകമ്പടിയോടെ അദ്ദേഹം ജന്തര്‍ മന്തറിലെത്തി.

ഡൽഹി പൊലീസ് ജന്തർമന്തറിലെ സമരഭൂമി പൂർണ്ണമായും സി.ജെ.പിക്ക് മാത്രമായി നൽകിയിരിക്കുകയാണ്. മറ്റ് സമരങ്ങൾക്കൊന്നും ഇവിടെ അനുമതിയില്ല. 'ജെൻ സി' (Gen Z) യുവാക്കൾ മാത്രമല്ല, മുതിർന്നവരും സ്ത്രീകളും അടക്കം എല്ലാ പ്രായത്തിലുള്ളവരും വിദ്യാഭ്യാസ മന്ത്രിക്കെതിരായ ഈ പ്രതിഷേധത്തിൽ പങ്കുചേരാൻ എത്തിയിട്ടുണ്ട്. സി.ജെ.പി നിർദ്ദേശിച്ചതുപോലെ പൂർണ്ണമായും ശാന്തമായാണ് പ്രതിഷേധം പുരോഗമിക്കുന്നത്. പ്രതിഷേധക്കാരുടെ കൈകളിൽ ദേശീയ പതാകകളും പൂക്കളും ഭരണഘടനയുടെ ആമുഖവും കാണാം. പലരും 'കോക്രോച്ച് മുഖംമൂടികൾ' ധരിച്ചാണ് അണിനിരന്നിരിക്കുന്നത്.

സമരത്തിൽ പങ്കെടുക്കുന്നവർ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് വ്യക്തമാക്കുന്ന ലഘുലേഖകൾ എല്ലാവർക്കും വിതരണം ചെയ്യുന്നുണ്ട്. സമരം സമാധാനപരമാണെന്ന് കണ്ടതോടെ കൂടുതൽ ജനങ്ങൾ ജന്തർമന്തറിലേക്ക് ഒഴുകിയെത്തുകയാണ്. വൈകിട്ട് അഞ്ചിന് മുൻപ് തന്നെ ധർണ്ണ അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തുടക്കം മുതൽ തന്നെ സി.ജെ.പിയെയും അഭിജിത് ദീപ്കെയെയും ബി.ജെ.പി കടുത്ത ഭാഷയിൽ എതിർക്കുന്നുണ്ട്. നീറ്റ് പരീക്ഷാ വിവാദത്തിൽ സർക്കാരിനെ നേരിട്ട് ആക്രമിക്കുന്നതിനാൽ ദീപ്കെയ്ക്ക് പിന്നിൽ വിദേശ ഫണ്ടിങ് ഉണ്ടെന്നും ദേശവിരുദ്ധ ശക്തികളാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.

മുൻപ് ഡൽഹിയിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' പ്രക്ഷോഭം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുത്തുകയും 'ആം ആദ്മി പാർട്ടി'യുടെ ഉദയത്തിന് കാരണമാകുകയും ചെയ്ത അനുഭവം മുൻപിലുണ്ട്. അതിനാൽ ഇത്തരം ജനകീയ കൂട്ടായ്മകളിൽ നിന്ന് അകലം പാലിക്കാനും ജാഗ്രത പുലർത്താനും പാർട്ടി അണികൾക്ക് നിർദ്ദേശമുണ്ട്.

അതേസമയം യൂത്ത് കോൺഗ്രസ്, NSUI വഴി നീറ്റ് വിഷയത്തിൽ പ്രതിഷേധം തുടരുകയും ചെയ്യുന്നു. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സി.ജെ.പി എന്ന ലേബലിനെയല്ല, മറിച്ച് അവർ ഉയർത്തുന്ന പരീക്ഷാ ക്രമക്കേട് എന്ന ആവശ്യത്തെയാണ് പിന്തുണയ്ക്കുന്നത്. 2017 മുതൽ പരീക്ഷാ ചോർച്ചകൾക്കെതിരെ ഇടതുസംഘടനകൾ തെരുവിലുണ്ട്.

ENGLISH SUMMARY:

NEET exam scam and CBSE exam irregularities have sparked a massive protest in Delhi, with the Cockroach Janata Party (CJP) demanding the resignation of Union Education Minister Dharmendra Pradhan. The protest, led by CJP founder Abhijit Dipke, is being held peacefully at Jantar Mantar with participants of all ages advocating for fair examination practices.