സി.ബി.എസ്.ഇ, നീറ്റ് (NEET) പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തെരുവിലിറങ്ങാൻ ഒരുങ്ങി കോക്രോച്ച് ജനത പാർട്ടി (CJP). പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ യു.എസിൽ നിന്നും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. സുരക്ഷാ അകമ്പടിയോടെയാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഡൽഹി ജന്തർമന്തറിലാണ് കോക്രോച്ച് ജനത പാർട്ടി വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അഭിജിത് ദീപ്കെ ഡൽഹിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിനുള്ളിൽ വെച്ച് തന്നെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുനിർത്തി വിവരങ്ങൾ ശേഖരിച്ചു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിജിത് ദീപ്കെ, തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ജന്തർമന്തറിലെ പ്രതിഷേധ വേദിയിൽ കാണാമെന്ന് വ്യക്തമാക്കി.
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, പാർലമെന്റ് സ്ട്രീറ്റ്, ജന്തർമന്തർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹത്തെയാണ് മുൻകൂട്ടിയുള്ള മുൻകരുതലിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി സി.ഐ.എസ്.എഫ് (CISF) പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു.