ആലപ്പുഴ തൃക്കുന്നപ്പുഴയിൽ വിവാഹത്തിന്റെ 39-ാം നാൾ 19 കാരിയായ യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക, ശാരീരിക പീഡനത്തെ തുടർന്നാണെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിൽ മുഹമ്മദ് നൗഫലിന്റെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഭർത്താവ്, ഭർതൃമാതാവ്, ഭർത്താവിന്‍റെ സഹോദരി എന്നിവർക്കെതിരെയാണ് പരാതി.
ഏപ്രിൽ പത്തൊന്‍പതിനായിരുന്നു തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റേഴത്ത് അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയും പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫലുമായുള വിവാഹം നടന്നത്. കഴിഞ്ഞ 28–ന് രാത്രിയില്‍ പാനൂരിലെ വീട്ടിൽ ഫാത്തിമ തൂങ്ങിമരിച്ചു. ഭർത്താവ് മുഹമ്മദ് നൗഫലുമൊത്ത് ബക്രീദിന് വീട്ടിലെത്തിയതാണ്. ഒരു ഫോൺ വന്നതിനെ തുടർന്ന് ഭർത്താവ് നൗഫൽ വീട്ടിൽ നിന്ന് പോയി. ഫാത്തിമ തുടർച്ചയായി ഭർത്താവിനോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിൽ വന്ന കോൾ ഭർത്താവ് നൗഫലിന്റേതാണ്. ഇതിനുശേഷമാണ് ഫാത്തിമ തൂങ്ങിമരിക്കുന്നത്.
വിവാഹത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ ഭർത്താവ് നൗഫലും ഉമ്മ റുമൈലത്തും ഭർതൃ സഹോദരി ബീമയും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ഫാത്തിമയുടെ സഹോദരൻ നൗഫൽ തൃക്കുന്നപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മരിക്കുമ്പോൾ ഫാത്തിമ ഗർഭിണിയായിരുന്നു. മുടി കുറഞ്ഞതിന്റെ പേരിൽ പോലും ഭർത്താവും വീട്ടുകാരും അധിക്ഷേപിച്ചിരുന്നു. വീട്ടിൽ വച്ചും പൊതുസ്ഥലങ്ങളിലും ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോഴും മറ്റുള്ളവരുടെ മുമ്പിൽവെച്ചും ഫാത്തിമയെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു.
ഫാത്തിമയ്ക്ക് ബാധയുണ്ടെന്ന് പറഞ്ഞ് ആലപ്പുഴയിൽ ഉള്ള ഉസ്താദിന്റെ അടുക്കൽ ചികിത്സയ്ക്ക് കൊണ്ടുപോയതായും പരാതിയിൽ പറയുന്നുണ്ട്. വിവാഹ സമയത്ത് പതിനൊന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് വീട്ടുകാർ നൽകിയത്. അത് കുറവാണെന്ന് പറഞ്ഞ് ഭർതൃമാതാവും സഹോദരിയും ആക്ഷേപിച്ചു. സ്വർണമാണെന്ന് ഉറപ്പിക്കാൻ ആഭരണങ്ങൾ ഉരച്ചു നോക്കുകയും ചെയ്തു. ഭർത്താവ് മുഹമ്മദ് നൗഫലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം ഫാത്തിമ അറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതിന് ഫാത്തിമയെ ഭർത്താവ് നൗഫൽ പുലർച്ചെ രണ്ടുമണിക്ക് വീട്ടിൽനിന്ന് പുറത്തിറക്കി നിർത്തിയിട്ടുണ്ടെന്ന് പരാതിയിലുണ്ട്. ഇക്കാര്യം ഫാത്തിമ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു.
ആലപ്പുഴയിലെ ഒരു കടയിലെ ജീവനക്കാരനായ നൗഫൽ തന്‍റെതാണ് സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു . മത്സ്യത്തൊഴിലാളി ആണ് ഫാത്തിമയുടെ പിതാവ് അബ്ദുൾ നാസർ. ഇതിന്റെ പേരിൽ ജാതി അധിക്ഷേപവും നടത്തിയിരുന്നു വീട്ടുകാർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)