കര്‍ണാടകയില്‍ അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിജയപുര ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. മൂര്‍ച്ചയേറിയ ആയുധങ്ങളും തോക്കും ഉപയോഗിച്ചാണ് അരുംകൊലയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
നിരാലെ, ഗോളാഗി എന്നീ കുടുംബങ്ങള്‍ ഏറെ കാലമായി അതിര്‍ത്തി തര്‍ക്കത്തിലായിരുന്നു. തര്‍ക്കം തല്ലിലെത്തിയപ്പോള്‍ ഗ്രാമീണര്‍ ഇടപെട്ടു. ഗ്രാമപഞ്ചായത്ത് ചേര്‍ന്ന് വിഷയം ചര്‍ച്ചയ്ക്കെടുത്തു. എന്നാല്‍ ഈ ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്ന് രണ്ടാം ദിവസം നടന്ന ചര്‍ച്ചയില്‍ ഗോളാംഗി കുടുംബം ആയുധങ്ങള്‍ ഒളിപ്പിച്ചെത്തി. ചര്‍ച്ച നടക്കുന്നതിനിടെ ഇവര്‍ ആയുധങ്ങളെടുത്ത് നിരാലെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഇത് കൂടാതെ കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയും ചെയ്തു.
വെടിയൊച്ച കേട്ടതോടെ നാട്ടുകൂട്ടം ചിതറിയോടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിരാലെ കുടുംബത്തിലെ ആറുപേരുടെ മൃതശരീരമാണ്. തോക്കിന്‍റെ സാന്നിധ്യം കണക്കിലെടുത്ത് വന്‍ സന്നാഹത്തോടെയാണ് പൊലീസെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.