police-youth

മഹാരാഷ്ട്ര പൊലീസ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച 26 വയസ്സുകാരിയായ യുവതിയെ ജീവനോടെ കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസില്‍ അച്ഛനെയും സഹോദരനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലുള്ള ഖാക്നാർ പരിധിയിൽ നിന്നും കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ശിവാനി കൽമേക്കർ എന്ന യുവതിയെ കാണാതാകുന്നത്. 

ശിവാനിയെയും അരുൺ ദാദു കൽമേക്കർ എന്ന യുവാവിനെയും കാണാനില്ലെന്ന് കാട്ടി ഇരുവരുടെയും കുടുംബങ്ങൾ പരാതി നൽകിയിരുന്നു.മേയ് ആദ്യവാരം ശിവാനിയുടെ കുടുംബം തിരച്ചിൽ നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജുര ഡാമിന് സമീപത്ത് നിന്നും പൊലീസ് തിരിച്ചറിയാൻ കഴിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. മധ്യപ്രദേശിലെ ബുർഹാൻപൂരും മഹാരാഷ്ട്രയിലെ ബുൽധാനയും അടുത്തടുത്തുള്ള ജില്ലകളാണ്.

തലയില്ലാത്തതും ഭാഗികമായി കരിഞ്ഞതുമായ നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹം ശിവാനിയുടേതാണെന്ന് ഉറപ്പിച്ച്, മഹാരാഷ്ട്ര പൊലീസ് ശിവാനിയുടെ പിതാവ് ബാബുറാം കൽമേക്കർ, സഹോദരൻ അജയ് കൽമേക്കർ എന്നിവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, ഖാക്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവാനിയെയും അരുണിനെയും ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര പൊലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച ശിവാനി, വ്യാഴാഴ്ച ജൽഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകി.

‘ഞാൻ ജീവനോടെയുണ്ട്. എനിക്ക് ഒരു കുഴപ്പവുമില്ല. എന്റെ അച്ഛനെയും സഹോദരനെയും എത്രയും വേഗം വിട്ടയക്കണം,’ 26-കാരിയായ ശിവാനി പറഞ്ഞു. കണ്ടെടുത്ത മൃതദേഹം ശിവാനിയുടേതാണെന്ന് ഉറപ്പിക്കുന്നതിനോ, അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്യുന്നതിനോ മുൻപ് പൊലീസ് ഡി.എൻ.എ പരിശോധന പോലും നടത്തിയിരുന്നില്ല. പൊലീസിന്റെ അന്വേഷണ രീതിക്കെതിരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇവരുടെ അറസ്റ്റിൽ ബുർഹാൻപൂരിലെ നാട്ടുകാരും വലിയ രീതിയിൽ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 26-year-old woman, declared dead and whose father and brother were arrested for her murder, has been found alive. The police's hasty investigation and arrest without proper DNA testing have raised serious questions.