വടക്കൻ ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡില്‍വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഡൽഹി പൊലീസ് അറിയിച്ചു. ആഡംബര ജീവിതത്തിനും പാർട്ടി നടത്തുന്നതിനുമുള്ള പണം കണ്ടെത്താനാണ് പ്രതികൾ ഈ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
മേയ് 27-ന് പുലർച്ചെയായിരുന്നു സംഭവം. ഹൊലാംബി ഖുർദിന് സമീപംവച്ച് യുവാവിന്റെ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തിയ പ്രതികൾ, ഇയാളെ ബലമായി കാറിലേക്ക് വലിച്ചിഴച്ച് കയറ്റി മർദ്ദിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും മോട്ടോർസൈക്കിളും കവർന്ന ശേഷം യുവാവിനെ വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
ഷാബാദ് ഡയറിയിൽ ജോലി ചെയ്യുന്ന, ഹൊലാംബി ഖുർദ് സ്വദേശിയായ അഭിനവ് ത്രിപാഠി എന്ന യുവാവാണ് അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ‘കാറിലുണ്ടായിരുന്ന നാല് പേർ ചേർന്ന് ത്രിപാഠിയെ കീഴടക്കി ബലമായി വാഹനത്തിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. കാർ മുന്നോട്ട് പോകുന്നതിനിടെ പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് നരേലയിലെ ഹനുമാൻ മന്ദിറിന് സമീപം ഉപേക്ഷിച്ച ശേഷം ഇയാളുടെ മോട്ടോർസൈക്കിളും മൊബൈൽ ഫോണുമായി പ്രതികൾ രക്ഷപ്പെട്ടു,’ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരേഷ്വർ സ്വാമി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘം പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സാങ്കേതിക നിരീക്ഷണവും പ്രാദേശിക വിവരങ്ങളും ഉപയോഗിച്ച് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. ഡൽഹി സ്വദേശിയായ ഹർഷ് (21), അങ്കിത് (24), സുധീർ (28), സങ്കേത് (19) എന്നിവരാണ് അറസ്റ്റിലായവർ. കസ്റ്റഡിയിലെടുത്ത 17 വയസ്സുകാരായ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഹരിയാനയിലെ സോണിപത് സ്വദേശികളാണ്.
പ്രതികളിൽ ഒരാളായ അങ്കിത് ഡ്രൈവറായി ജോലി നോക്കുന്നയാളാണെന്നും ഇയാൾക്കെതിരെ മുൻപ് ഹരിയാനയിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ ഹർഷ് മുൻപ് ഡൽഹിയിലെ കഞ്ചവാല പൊലീസ് സ്റ്റേഷനിൽ ആംസ് ആക്ട് പ്രകാരം കേസിൽ പെട്ടിട്ടുള്ളയാളാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും, കവർച്ച ചെയ്യപ്പെട്ട മോട്ടോർസൈക്കിളും, യുവാവിന്റെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഡൽഹി-ഹരിയാന അതിർത്തി മേഖലകളിൽ നടന്ന മറ്റ് ഹൈവേ കൊള്ളകളിൽ ഈ സംഘത്തിന് പങ്കുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.