ip-binu-03

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സി.പി.എം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു പിടിയില്‍.  മുന്‍ കൗണ്‍സിലര്‍കൂടിയാണ് ഐ.പി. ബിനു.  ബിനു പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹം കീഴടങ്ങിയത്. തുടർന്ന് നന്ദാവനം എ.ആർ ക്യാംപിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഐ.പി ബിനുവിനെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ഇന്നലെ പൊലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇദ്ദേഹം ഒളിവിലായിരുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസിൽ നേരത്തേ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതി‌രെയാണ് കേസെടുത്തിരിക്കുന്നത്. 

 

പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ പ്രതിഷേധിച്ച 57 പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം ജില്ലാസെക്രട്ടറി എം.മെഹബൂബ്, സംസ്ഥാന സമിതി അംഗങ്ങളായ പി.മോഹനന്‍, എ.പ്രദീപ് കുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് കേസെടുത്തത്. മുദ്രവാക്യം വിളിച്ചതിനും ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടയാന്‍ ശ്രമിച്ചതിനുമാണ് മെഡിക്കല്‍ കോളജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

ENGLISH SUMMARY:

CPM Palayam local secretary I.P. Binu has been arrested in connection with the egg attack on Enforcement Directorate officials in Kerala. Visuals showing Binu throwing eggs at the ED vehicle had triggered strong demands for action. Police have also registered cases against hundreds of protesters linked to demonstrations against ED raids at Minister P.A. Mohammed Riyas’ residence in Kozhikode.