ഭാര്യയെ കവർച്ചാ കേസിൽപ്പെടുത്തിയെന്ന സംശയത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ ഗുണ്ടാ നേതാവും സംഘവും ചേർന്ന് യുവാവിനെ രണ്ടു ദിവസം ഫ്ളാറ്റില്‍ പൂട്ടിയിട്ട് മർദിച്ചു. മർദനത്തിന് നേതൃത്വം നൽകിയ കൊലക്കേസ് പ്രതികളും യുവതിയും മണ്ണന്തല പൊലീന്റെ പിടിയിലായി. വെമ്പായം നെടുവേലി കടുവാക്കുഴി സ്വദേശിയായ ശരതിനെയാണ് രണ്ട് ദിവസം ഫ്ളാറ്റില്‍ തടഞ്ഞുവച്ച് മർദിച്ചത്
മഴുവും ഇടിവളയും ഉപയോഗിച്ചായിരുന്നു മർദനം. മുളകുവെള്ളം കലക്കി മുഖത്തും സ്വകാര്യ ഭാഗത്തും ഒഴിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച ഉച്ചവരെയാണ് ഇയാളെ മരുതൂരിലുള്ള അപ്പാർട്ട്മെൻ്റിൽ തടഞ്ഞു വച്ചത്. തുടർന്ന് ശരതിനെ കാറിൽ കയറ്റി വെമ്പായത്ത് ഇറക്കിവിട്ടു. രേഖകളിൽ നിർബന്ധിച്ച് ഒപ്പിട്ട ശേഷം ശരത്തിന്റെ ഇരുചക്ര വാഹനം ഇവർ കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലയിൻകീഴ് സ്വദേശികളായ അഭിലാഷ്, സുജിത്, കായംകുളം സ്വദേശി സരിത എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്.
ഇതിൽ അഭിലാഷ് തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്. അഭിലാഷിന്റെ ഭാര്യ മോഷണ കേസിൽ പ്രതിയായതിന് കാരണം ശരത് ആണെന്നുള്ള വിരോധത്തിലാണ് ഇയാളെ തടഞ്ഞു വച്ച് മർദ്ദിച്ചത്. മർദിച്ച് അവശനാക്കി വഴിയിലുപേക്ഷിക്കപ്പെട്ട ശരതിനെ വീട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. മണ്ണന്തല പൊലീസിൽ മൊഴിരേഖപ്പെടുത്തവേ അവശനായി വീണ ശരത്തിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതികളെ ശരത്തിനെ തടങ്കലിൽ വച്ചിരുന്ന ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
ആക്രമണത്തിനുപയോഗിച്ച മഴുവും ഇടിക്കട്ടയും കണ്ടെടുത്തു.