പാലക്കാട് മീറ്റ്നയില്‍ കൂട്ട ആത്മഹത്യാശ്രമമെന്ന് സംശയം. മീറ്റ്നയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി രാമകൃഷ്ണന്‍ (60) മരിച്ചു. ഭാര്യയെയും മകനെയും അവശനിലയില്‍ കണ്ടെത്തി. ഭാര്യ വസന്ത, മകന്‍ ജിത്തു എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്.
രാവിലെ ഏഴരയോടെയാണ് ഈ സംഭവം പുറത്തറിയുന്നത്. തൃശൂർ സ്വദേശികളായ ഇവർ ഏറെ നാളായി മീറ്റ്നയിൽ വീടുവാങ്ങി താമസിച്ചുവരികയായിരുന്നു. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൻ അഭിജിത്ത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും, ഇതുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം. മകന്റെ മാനസിക വെല്ലുവിളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരത്തെ തന്നെ കുടുംബത്തിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അവശനിലയിലായ വസന്തയുടെയും അഭിജിത്തിന്റെയും നിലവിലെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.